‘സർക്കാരിന്‍റേത് ധിക്കാരപരമായ നിലപാട്, ഉദ്യോഗാർത്ഥികളുടെ പ്രശ്നം ഉടന്‍ പരിഹരിക്കണം’ : മുന്നറിയിപ്പുമായി ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, February 16, 2021

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇല്ലെങ്കില്‍ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യു.ഡി.എഫ് കാലത്തെ സ്ഥിരനിയമനങ്ങള്‍ പൂർണമായും ചട്ടങ്ങള്‍  പാലിച്ചായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. റാങ്ക് ലിസ്റ്റിലുള്ളവർ സമരം നടത്തിയിട്ട് അവരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ഗവണ്‍മെന്‍റിന്‍റെ അഹങ്കാരവും ധിക്കാരവും ഒന്നുകൊണ്ട് മാത്രമാണ്. സമരം ചെയ്യുന്നവര്‍ അനുഭവിക്കുന്ന വേദനയുടെ ഒരംശം ഭരണാധികാരികള്‍ തിരിച്ചറിഞ്ഞെങ്കില്‍ സെക്രട്ടേറിയറ്റ് ഗേറ്റില്‍ വന്ന് ചര്‍ച്ച നടത്തുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രശ്ങ്ങള്‍ ഇന്നത്തേത് മാത്രമല്ല, ഭാവിയിലേതുമാണെന്നും അത് പരിഗണിക്കുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.

റാങ്ക് ലിസ്റ്റിന്‍റെ പേരിലുള്ള വിവാദങ്ങളും സമരങ്ങളും ഗവണ്‍മെന്‍റിന്‍റെ സൃഷ്ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റ് അവസരങ്ങളുടെ ലിസ്റ്റായാണ് യു.ഡി.എഫ് കാണുന്നത്. എല്‍.ഡി.എഫ് ഇത് ബാധ്യതയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പകരം ലിസ്റ്റില്ലെങ്കില്‍ റാങ്ക് ലിസ്റ്റ് നീട്ടുക എന്ന നയപരമായ തീരുമാനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ മൂന്ന് വര്‍ഷമായാല്‍ ലിസ്റ്റ് റദ്ദാക്കാന്‍ കാത്തിരിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ലിസ്റ്റ് നീട്ടിക്കൊടുത്തിരുന്നെങ്കില്‍ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാമായിരുന്നു. പുതിയ ലിസ്റ്റ് വരുന്നില്ലെങ്കില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള ലിസ്റ്റിന് ഒന്നര വര്‍ഷംകൂടി നീട്ടി കൊടുക്കാന്‍ സര്‍ക്കാരിന് വ്യവസ്ഥയുണ്ട്. യു.ഡി.എഫ് അഞ്ച് വര്‍ഷവും അത് പാലിച്ചുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം തുടരുന്ന ഉദ്യോഗാർത്ഥികളുടെ സമരപ്പന്തലില്‍ ഉമ്മന്‍ ചാണ്ടി ഇന്നും എത്തി. ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ ഉദ്യോഗാർത്ഥികള്‍ കരഞ്ഞുകൊണ്ട് കാല്‍ക്കല്‍ വീണിരുന്നത് തന്നെ നൊമ്പരപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി പിന്നീട് പറഞ്ഞിരുന്നു. സമരത്തിന്‍റെ മുന്‍നിരയില്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.