പ്രധാനമന്ത്രിയുടെ വിളക്കണയ്ക്കൽ പരിപാടി ജനാധിപത്യ മതേതര കക്ഷികൾ ബഹിഷ്ക്കരിക്കണം: കെ.സുധാകരൻ എം.പി

Jaihind News Bureau
Sunday, April 5, 2020
 

2020 ഏപ്രിൽ 5 ന് രാത്രി 9 മണി മുതൽ 9.09 വരെ സ്വമേധയാ അവരവരുടെ വീടുകളിലെ വൈദ്യുതി വിളക്കുകൾ അണയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ജനാധിപത്യ മതേതര കക്ഷികൾ ബഹിഷ്ക്കരിക്കണമെന്ന് കെ സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വൈദ്യുതി ഗ്രിഡിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ അസ്ഥിരത സൃഷ്ടിക്കുമെന്നതുൾപ്പെടെയുള്ള ആശങ്കകൾ നിലനില്‍ക്കെ വൈദ്യുതി അണച്ച് വിളക്ക് തെളിക്കാൻ ഉള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ശരിയായ നടപടിയല്ല.

കോവിഡ് 19 ന്‍റെ ഇരുട്ടിനെ വെളിച്ചത്തിന്‍റെ ശക്തി കൊണ്ട് നേരിടാൻ വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ, ചെരാതോ, ടോർച്ചോ, മൊബൈൽ ഫ്ലാഷോ തെളിയിക്കണമെന്ന ആഹ്വാനം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട മാത്രമാണ്.

ബി.ജെ.പി ഔദ്യോഗികമായി രൂപീകരിച്ചതിന്‍റെ തീരുമാനമെടുത്തത് 1980 ഏപ്രിൽ അഞ്ചാം തീയതി രാത്രി ഒൻപത് മണിക്കാണെന്നിരിക്കെ വിളക്ക് തെളിച്ചുള്ള ആഘോഷത്തിന് പിറകിൽ ബി.ജെ.പിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷത്തെ കോവിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്.

ബി.ജെ പി രൂപീകരിച്ച സമയത്തെ അനുസ്മരിക്കാനും ഇരുട്ടകറ്റി വെളിച്ചം പകരുന്നതായി വ്യാഖ്യാനിക്കാനുള്ള ഗൂഢഅജണ്ടയാണിതിന് പിന്നിലെന്നും കോവിഡ് 19നെ പ്രതീകാത്മകമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായിട്ടുള്ള വിളക്ക് തെളിച്ച് ഇരുട്ടിനെ വെളിച്ചത്തിൻ്റെ ശക്തി കൊണ്ട് നേരിടാനുള്ളതെന്ന് തോന്നിക്കുന്ന കുടില തന്ത്രത്തിൻ്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള ഇത്തരത്തിലുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ബഹിഷ്ക്കരിക്കാൻ ജനാധിപത്യ മതേതര കക്ഷികൾ തയാറാകണമെന്നും കെ സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.