കളമശ്ശേരിയില്‍ കൊവിഡ് രോഗി മരിച്ച സംഭവം ; ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

Jaihind News Bureau
Thursday, November 26, 2020

 

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്. ഫോര്‍ട്ട് കൊച്ചി സ്വദേശി സികെ ഹാരിസിന്‍റെ മരണം ചികിത്സ പിഴവ് മൂലമല്ലെന്ന് പൊലീസ് ബന്ധുക്കളെ രേഖാമൂലം അറിയിച്ചു. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഒന്നര മാസം മുമ്പാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവ് മൂലം രോഗികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നത്. ഇതിന് പുറമെ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊറോണ ചികിത്സയില്‍ കഴിയവേ മരണപ്പെട്ട ഫോര്‍ട്ട് കൊച്ചി സ്വദേശി സികെ ഹാരിസിന്‍റെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.

പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസ് ചാര്‍ജ് ചെയ്യാന്‍ പറ്റൂ എന്ന് പോലീസ് ബന്ധുക്കളോട് വ്യക്തമാക്കിയിരുന്നു. ആശുപത്രി ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് കളമശ്ശേരി പോലീസ് ബന്ധുക്കളെ അറിയിച്ചത്. ചികിത്സാ പിഴവ് മൂലമല്ല ഹാരിസ് മരണപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ഈ കാര്യം ഹാരിസിന്‍റെ ബന്ധുക്കളെ പോലീസ് രേഖാമൂലം അറിയിച്ചു. എന്നാല്‍ ഡിജിറ്റല്‍ തെളിവ് പൊലീസ് ശേഖരിച്ചിട്ടില്ല. സൂ൦ മീറ്റിംഗ് വിശദാ൦ശങ്ങളോ, ഓഡിയോ സന്ദേശം സംബന്ധിച്ച വിവരങ്ങളോ പൊലീസ് ശേഖരിച്ചില്ല.

കൃത്യമായ അന്വേഷണം നടത്താതെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.അതേ സമയം കളമശേരി മെഡിക്കല്‍ കോളേജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീന്‍ ചിറ്റ് ലഭിച്ചു. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്‌ദ്ധ സമിതിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. കൊവിഡ് രോഗികളുടെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടര്‍ക്ക്, താന്‍ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.