ലുലു ഗ്രൂപ്പ് 2,000 ടൺ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കും ; കരാർ ഒപ്പുവെച്ചത് അബുദാബിയിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ

Jaihind News Bureau
Tuesday, December 10, 2019

അബുദാബി: യു.എ.ഇയിലെ കാർഷിക മേഖലയുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് അബുദാബിയിൽ നിന്നും 2,000 ടൺ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കും. ഇത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പും അബുദാബി കൃഷി വകുപ്പും തമ്മിൽ ഒപ്പ് വെച്ചു.

അബുദാബി കൃഷി വകുപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ സയ്യിദ് അൽ ബാഹ്‌രി സാലെം അൽ അമേരിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസുഫലിയുമാണ് യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പ് വെച്ചത്. യു.എ.ഇ കാലാവസ്ഥാ വകുപ്പ് മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി മറിയം അൽ മെഹെരി എന്നിവരും സന്നിഹിതരായിരുന്നു. അബുദാബിയിൽ നടക്കുന്ന ഭക്ഷ്യ പ്രദർശനമായ സിയാൽ മിഡിൽ ഈസ്റ്റിനോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.

പ്രാദേശിക വിപണിയെയും കർഷകരെയും ലുലുവുമായുള്ള കരാർ ഏറെ സഹായിക്കുമെന്ന് അബുദാബി കൃഷി വകുപ്പ് ഡയറക്ടർ ജനറൽ സയ്യിദ് അൽ അമേരി പറഞ്ഞു. ഉല്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ ലുലു ഗ്രൂപ്പുമായി യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിലെ കാർഷിക മേഖലയെയും കർഷകരെയും പിന്തുണയ്ക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പറഞ്ഞു. ഇതിന്‍റെ ഭാഗമായി പ്രാദേശിക വിപണിയിൽ നിന്നും നേരിട്ട് ഗുണമേന്മയുള്ള
കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ മിതമായ വിലയിൽ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ മുപ്പതിലേറെ രാജ്യങ്ങൾ നാല് ദിവസത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.