ചെക്ക് കേസ് വിവാദമാകുംവരെ നാസില്‍ സഹായം തേടിയിട്ടില്ല ; മറിച്ചാണെങ്കില്‍ അത് നാസില്‍ തെളിയിക്കണം : വ്യവസായി എം.എ യൂസഫലി

Jaihind News Bureau
Friday, August 30, 2019

ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസ് വിവാദമാകുന്നതുവരെ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല തന്നെ ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി പറഞ്ഞു. ഇത്രയും വര്‍ഷങ്ങളായിട്ട് നാസില്‍ അബ്ദുള്ളയോ അദ്ദേഹത്തിന്‍റെ മാതാപിതാക്കളോ ഞാനുമായോ ഓഫീസുമായോ ബന്ധപ്പെട്ടിട്ടില്ല. മാത്രവുമല്ല ഞാനുമായി വ്യക്തിപരമായി ബന്ധമുള്ളവരുമായി പോലും നാസില്‍ ഒരു നിലയ്ക്കും ഈ വിഷയത്തില്‍ ബന്ധപ്പെട്ടിട്ടില്ല. ഇതാണ് യാഥാര്‍ഥ്യമെന്നും യൂസഫലി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതിനാല്‍ മറിച്ചുള്ള കാര്യങ്ങള്‍ തെളിയിക്കേണ്ടത് നാസിലിന്‍റെ കൂടി ഉത്തരവാദിത്വമാണ്. ചെക്ക് കേസില്‍ താന്‍ ഇടപെടാറില്ലെന്ന് താന്‍ എപ്പോള്‍ എവിടെവെച്ച് പറഞ്ഞു എന്നുകൂടി തെളിയിക്കേണ്ടത് നാസില്‍ അബ്ദുള്ളയാണെന്നും യൂസഫലിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.