ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Friday, October 16, 2020

 

ന്യൂഡല്‍ഹി: ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ വാദം കേൾക്കുന്നത് നീട്ടിവയ്ക്കണം എന്ന സിബിഐയുടെ ആവശ്യവും കോടതിയുടെ പരിഗണനയിൽ ഉണ്ട്.  കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഒക്ടോബർ എട്ടിന് കേസിൽ വാദം കേട്ടപ്പോൾ സിബിഐയ്ക്ക് പറയാനുള്ളതെല്ലാം  കുറിപ്പായി സമർപ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു.  സിബിഐക്ക് വേണ്ടി തുഷാര്‍ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമാണ് ഒക്‌ടോബർ എട്ടിനു ഹാജരായത്. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാര്‍ മേത്ത സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റാൻ സുപ്രീം കോടതി അനുവദിച്ചത്.