ലൈഫ് ഭവന പദ്ധതിയിൽ പണിത വീടുകൾ കാടുകയറിയ നിലയിൽ; അനർഹർ ലിസ്റ്റിൽ കയറിക്കൂടിയെന്ന് നാട്ടുകാർ

Jaihind Webdesk
Monday, September 5, 2022

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ പണിത വീടുകൾ ആൾ താമസമില്ലാതെ കാടുകയറിയ നിലയിൽ. വ്യക്തി താൽപ്പര്യങ്ങൾ മുൻ നിർത്തി അനർഹർക്ക് നൽകിയ വീടുകളാണ് താമസമില്ലാതെ ഇപ്പോൾ കാടുകയറി കിടക്കുന്നത്. അടച്ചുറപ്പുള്ള വീടുകളില്ലാതെ പല കുടുംബങ്ങളും പ്ലാസ്റ്റിക്ക് കുടിലുകളിൽ അന്തിയുറങ്ങുന്ന വാർത്തകൾ പുറത്തു വരുമ്പോഴാണ് ഇടുക്കി വാത്തിക്കൂടി പഞ്ചായത്തിലെ ഈ സംഭവം.

പെരുത്തൊട്ടി വാർഡിൽ ഭൂരഹിതരും ഭവനരഹിതരുമായവർക്ക് സർക്കാരിന്‍റെ പദ്ധതി പ്രകാരം ലഭിച്ച മൂന്നു വീടുകളാണ് താമസമില്ലാതെ കാടു കയറി നശിക്കുന്നത്. ഭവന രഹിതരായ പല നിർദ്ധന കുടുംബങ്ങളെയും മനപ്പൂർവം ഒഴിവാക്കി മാനദണ്ഡങ്ങൾ പരിഗണിക്കാതെ അർഹതയില്ലാത്തവർക്ക് ഭരണ സമിതിയുടെ പ്രത്യേക വ്യക്തി താൽപര്യപ്രകാരം വീട് നൽകിയെന്നും മുൻപ് ആരോപണമുയർന്നിരുന്നു. അടിയന്തിരമായി വീട് ഏറ്റെടുത്ത് അർഹരായ കുടുംബങ്ങൾക്ക് നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.