വിസി പുനർനിയമനം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത് അതീവഗുരുതര ആരോപണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, August 26, 2022

 

തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ഉന്നയിച്ച ആരോപണം അതീവ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂര്‍ തന്‍റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാലാ വിസിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്‍റെ വ്യക്തിപരമായ ആവശ്യമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

സര്‍വകലാശാലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ അതീവ ഗൗരവതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കണ്ണൂര്‍ എന്‍റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്‍റെ വ്യക്തിപരമായ ആവശ്യമാണാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. എല്ലാ കാര്യത്തിലും മുഖ്യമന്ത്രി മിണ്ടാതിരുന്നിട്ട് കാര്യമില്ല. ഗവര്‍ണറെ സ്വാധീനിച്ച് സര്‍വകലാശാല നിയമങ്ങളെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വിസിക്ക് പുനര്‍നിയമനം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നാണ് ആരോപണം. പ്രതിപക്ഷമല്ല, സംസ്ഥാനത്തിന്‍റെ ഭരണത്തലവനായ ഗവര്‍ണറാണ് മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇങ്ങനെയാണോ സര്‍വകലാശാലയെ നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ.

അനുമതി വാങ്ങാതെയാണ് കോണ്‍സുല്‍ ജനറലിനെ മുഖ്യമന്ത്രി കണ്ടത്. കോണ്‍സുലേറ്റും സര്‍ക്കാരും തമ്മില്‍ എന്തെങ്കിലും അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നോ? ആരോപണ വിധേയനായ കോണ്‍സുലേറ്റ് ജനറലുമായുള്ള ഔദ്യോഗികമല്ലാത്ത കൂടിക്കാഴ്ചകള്‍ എന്തിന് വേണ്ടിയായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.