നിയമസഭാ കയ്യാങ്കളി കേസ് : സർക്കാർ അഭിഭാഷകയെ സ്ഥലം മാറ്റി ; പ്രതികാര നടപടി

Jaihind News Bureau
Tuesday, October 20, 2020

 

തിരുവനന്തപുരം:  നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികാര നടപടിയുമായി ഇടതു സർക്കാർ രംഗത്ത്. കേസിൽ സർക്കാരിന് വേണ്ടി ഹാജരായ തിരുവനന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനാ സതീഷിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കി നിൽക്കേ പകരം ആളെ നിയമിക്കാതെയാണ് സ്ഥലം മാറ്റം.

നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവിനെ ശക്തമായി പിന്തുണച്ചില്ലെന്ന പരാതിയിലാണ് സ്ഥലംമാറ്റം. തിരുവനന്തപുരത്തെ ഡിഡിപിയായിരുന്ന ബീനാ സതീഷിനെ ആലപ്പുഴയിലേക്ക് മാറ്റിയെങ്കിലും പകരം നിയമനം നൽകിയിട്ടില്ല. കേസിലെ പ്രതിയായ മുൻ എംഎൽഎ വി ശിവൻകുട്ടി ബീനയ്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയായിരുന്നു സ്ഥലം മാറ്റം.  വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കിനിൽക്കെ, സാധാരണ കീഴ്‍വഴക്കങ്ങളെല്ലാം ലംഘിച്ചായിരുന്നു നടപടി.

ബീനയ്ക്ക് പകരം എറണാകുളത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു ആഭ്യന്തരവകുപ്പിൻറെ ശുപാർശ. പക്ഷെ തിരുവനന്തപുരത്തേക്ക് പോകാൻ എറണാകുളത്തെ അഭിഭാഷകൻ വിമുഖത അറിയിച്ചതോടെ തിരുവന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പദവി ഒഴിച്ചിട്ട്, സ്ഥലമാറ്റം തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയി. ബീനയെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയിട്ടും തിരുവനന്തപുരത്ത് ഇനിയും പകരം നിയമനമായിട്ടില്ല. അസിസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനിൽകുമാറിന് ചുമതല നൽകി ഓഫീസ് ഒഴിയാനാണ് ബീനാ സതീഷിന് സർക്കാർ നൽകിയ നിർദ്ദേശം.

കയ്യാങ്കളി കേസില്‍ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ കുമാറാകും സർക്കാരിന് വേണ്ടി ഇനി ഹാജരാകുക. ഇതിനു പുറമേ പി.എസ്.സി ക്രമക്കേട് കേസിൽ പ്രതികളായ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാനുള്ള ഉത്തരവുകള്‍ ബീനാ സതീഷ് കോടതിയിൽ നൽകാൻ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ബീനാ സതീഷിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.