‘ആരോഗ്യമന്ത്രി എന്തിനായിരുന്നു വന്നത്? അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് അറിയില്ല’: രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, December 6, 2021

 

പാലക്കാട് : ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനം എന്തിനുവേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദിവാസികള്‍ക്കുവേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്.  കാര്യങ്ങള്‍ നല്ലരീതിയില്‍ നോക്കിയിരുന്ന നോഡല്‍ ഓഫീസറെ  മന്ത്രിയുടെ സന്ദർശന സമയത്ത് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മന്ത്രി എന്തിനുവേണ്ടിയാണ് വന്നതെന്ന് നോഡല്‍ ഓഫീസറുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമില്ല. നോഡല്‍ ഓഫീസറോ മോണിട്ടറിംഗ് കമ്മിറ്റിയോ ഇല്ല. ആരോഗ്യമന്ത്രി വന്നുപോയിട്ടും അട്ടപ്പാടിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഉള്ള സൗകര്യങ്ങള്‍ കുറയുകയല്ലാതെ കൂടുതലായി ഒന്നും ഉണ്ടായില്ല. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഇക്കാര്യത്തില്‍ സർക്കാരിന്‍റെ അടിയന്തര ഇടപെടല്‍ വേണം. അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ ശിശുമരണം തടയാൻ നിരവധി കാര്യങ്ങൾ ചെയ്തു. ആ സംവിധാനം മുന്നോട്ടുപോകാത്തതിനാലാണ് ശിശുമരണം തുടർന്നത്. ഗുരുതരമായ കൃത്യവിലോപം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ശിശുമരണം തുടരുന്നത് കേരളത്തിന് അപമാനമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ സ്ഥിരമായി മൗനത്തിലാണെന്നും വിഡി സതീശൻ അട്ടപ്പാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജിന്‍റെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്ന ആരോപണവുമായി അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് രംഗത്തെത്തിയിരുന്നു. ഞായറാഴ്ച മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത മീറ്റിംഗിന്‍റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ശിശുമരണം നടന്ന ഊരുകളിലെത്തുന്നതിനുമുമ്പ് ഊരുകളിലെത്താനുള്ള തിടുക്കമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ അട്ടപ്പാടിയിലെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നില്‍. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് സൗകര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അഴിമതിക്കാരനായി ചിത്രീകരിക്കയാണെന്നും ഡോ. പ്രഭുദാസ് പറഞ്ഞു.