കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ശരിയായ ദിശയിലുള്ള ആദ്യത്തെ നടപടിയാണെന്നും ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക്ഡൗണിന്റെ ആഘാതം പേറേണ്ടിവരുന്ന കര്‍ഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കര്‍ഷകര്‍ക്കും മറ്റ് തൊഴിലാളികളെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പദ്ധതി മുഖേന 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. ഇതിന് പുറമേ പാവപ്പെട്ടവര്‍ക്ക് അരിയും ധാന്യങ്ങളും അടക്കമുള്ളവും നല്‍കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സും സൗജന്യ സിലിണ്ടറും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജും കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന നിധിയും മുതിര്‍ന്ന പൗരന്മാര്ക്കും വിധവകള്‍ക്കുമായുള്ള പാക്കേജുകളുമായിരുന്നു മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.
The Govt announcement today of a financial assistance package, is the first step in the right direction. India owes a debt to its farmers, daily wage earners, labourers, women & the elderly who are bearing the brunt of the ongoing lockdown.#Corona
— Rahul Gandhi (@RahulGandhi) March 26, 2020
നേരത്തെ, മോദി സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ കൊറോണ ഭീതിയെ ഗൗരവത്തോടെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ തന്റെ വാക്കുകള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ഒരുപാട് സമയം ലഭിച്ചിരുന്നു എന്നാല്‍ യഥാസമയം പ്രവർത്തിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരന്തം നമുക്ക് ഒഴിവാക്കാമായിരുന്നുവെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഈ ഭീഷണിയെ നാം കുറച്ച് കൂടി ഗൗരവത്തോടെ കണ്ട് കുറച്ച് കൂടി അവധാനതയോടെ പ്രതിസന്ധിയെ നേരിടാന്‍ തയ്യാറാവണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.