മുഖ്യമന്ത്രിയുടെ വിമര്‍ശനം സര്‍ക്കാരിന്‍റെ കുറ്റസമ്മതം : ജി.ദേവരാജന്‍

Jaihind News Bureau
Monday, August 3, 2020

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കായി 102 പ്രഥമ ശ്രേണി ചികിത്സാ കേന്ദ്രങ്ങള്‍ (എഫ്.എല്‍.സി.റ്റി.) ഉത്ഘാടനം ചെയ്തുകൊണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും കാര്യങ്ങള്‍ കൈവിട്ട നിലയിലാണെന്നുമുള്ള ആരോഗ്യമന്ത്രിയോടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരോടുമുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ കുറ്റസമ്മതമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം തുലോം പരിമിതമായിരുന്ന സമയത്ത് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളെക്കുറിച്ചും ആശുപത്രിക്കിടക്കകളെക്കുറിച്ചും അമിതമായ അവകാശവാദങ്ങള്‍ ഉയര്‍ത്തിയത്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതക്കുറവുണ്ടാകാന്‍ കാരണമായെന്നും പരിശോധനകളുടെ എണ്ണം കുറയുന്നതും പരിശോധനകളില്‍ വേണ്ടത്ര സൂക്ഷ്മതയില്ലെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ  ആരോപണം ശരിയായായിരുന്നൂവെന്നു ഇപ്പോള്‍ മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. പി.ആര്‍ വര്‍ക്കിന്‍റെ  പിന്‍ബലത്തില്‍ ദേശ-വിദേശ മാധ്യമങ്ങളുടെ ശ്രദ്ധ നേടാനുള്ള തത്രപ്പാടില്‍ ആവശ്യം വേണ്ടുന്ന മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. പ്രതിപക്ഷവും ഐ എം എ യും വസ്തുതകള്‍ നിരത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവരെയൊക്കെ പരിഹസിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നിപ്പോള്‍ വീഴ്ചകള്‍ ഏറ്റുപറഞ്ഞു കുറ്റസമ്മതം നടത്തുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ കുടുംബാംഗങ്ങളോടും ശാരിരിക പ്രയാസങ്ങള്‍ക്കും  മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്ന രോഗികളോടും മുഖ്യമന്ത്രി മാപ്പു പറയണം.

പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കിയപ്പോള്‍ മറ്റു രോഗം ബാധിച്ചവര്‍ക്കും സ്ഥിരം ചികിത്സ ആവശ്യമായവര്‍ക്കും  ചികിത്സ നിഷേധിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തെമ്പാടും കാണാന്‍ കഴിയുന്നത്‌. ശരിയായ സമയത്ത് മതിയായ ചികിത്സ കിട്ടാത്തതിനാല്‍ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളും സംസ്ഥാനത്തുണ്ടാകുന്നു. ഇനിയെങ്കിലും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന വസ്തുതകളെ ക്രിയാത്മകമായി സമീപിക്കാനുള്ള ജനാധിപത്യ മര്യാദ മുഖ്യമന്ത്രി കാട്ടണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.