ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറക്കാതെ നാലാം ദിനം : പ്രതിസന്ധി തുടരുന്നു , ഇന്ത്യയുടെ സമ്മര്‍ദ്ദതന്ത്രം ഫലിക്കുമോ ? ബന്ധങ്ങളെ ബാധിക്കുമെന്ന് ആശങ്ക ; പ്രവാസികളെ പെരുവഴിയിലാക്കിയ കേന്ദ്രത്തിനെതിരെ യുഎഇ പ്രവാസികളുടെ പ്രതിഷേധം പടരുന്നു

Jaihind News Bureau
Sunday, July 5, 2020


ദുബായ് : യുഎഇയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കു സര്‍വീസ് അനുമതി നിഷേധിച്ച, കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. അതേസമയം, വിഷയം നീണ്ടുപോയാല്‍, അത് ഇന്ത്യ-യുഎഇ വ്യോമയാന ബന്ധങ്ങളെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൂറുകണക്കിന് യാത്രക്കാര്‍ ഇതുമൂലം ദുരിതത്തിലായതോടെ, കേന്ദ്ര സര്‍ക്കാരിനെതിരെ കൂടുതല്‍ പ്രവാസി സംഘടനകള്‍ പരസ്യമായി രംഗത്ത് വന്നു.

ജൂലൈ രണ്ട് വൈകീട്ട് മുതലാണ്, യുഎഇയുടെ വിമാനക്കമ്പനികള്‍ക്ക്, ഇന്ത്യയില്‍ ഇറങ്ങാന്‍ കേന്ദ്ര വ്യോമയാന വകുപ്പ് അനുമതി നിഷേധിച്ചത് . ഇതോടെ  സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറു കണക്കിന് പ്രവാസികള്‍ ഇപ്പോഴും ദുരിതത്തിലാണ്. ഇതോടെയാണ് പ്രതിഷേധം രൂക്ഷമായത്. എന്നാല്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് സംബന്ധിച്ച ഇനിയും ഔദ്യോഗികമായ ഒരു ഉത്തരവ് , ഇന്ത്യ, പുറത്തിറക്കിയിട്ടില്ല. എങ്കിലും, ഇന്ത്യയുടെ ഈ നീക്കം, യുഎഇ വിമാനക്കമ്പനികളെ പ്രതിസന്ധിയിലാഴ്ത്തി. പണം വാങ്ങി, ടിക്ക് ബുക്ക് ചെയ്ത്, വിമാന സര്‍വീസുകളാണ് ഇതുമൂലം നാല് ദിവസങ്ങളായി മുടങ്ങി കിടക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മടങ്ങി വരുന്ന യാത്രക്കാര്‍ക്കുള്ള വിമാന യാത്രാ അനുമതി, നിലവില്‍, യുഎഇയുടെ വിമാനക്കമ്പനികള്‍ക്ക് മാത്രമാണ് ഉള്ളത്. ഈ യാത്രാ അനുമതിയില്‍ നിന്നും, ഇന്ത്യന്‍ വിമാനങ്ങളെ ഒഴിവാക്കിയതിലുള്ള, കേന്ദ്രസര്‍ക്കാരിന്‍റെ വിയോജിപ്പാണ്, ഈ പുതിയ നടപടിയിലൂടെ പുറത്ത് വന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്രകാരം, എയര്‍ ഇന്ത്യയ്ക്കും, ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാക്കമ്പനികള്‍ക്കും യുഎഇയിലേക്ക് പറക്കാന്‍ അനുമതി വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. അതിനാല്‍, ഇന്ത്യ ഇപ്പോള്‍ സമ്മര്‍ദ്ദ തന്ത്രം നടത്തുകയാണെന്നും അറിയുന്നു. അതേസമയം, വ്യോമയാന വിഷയം നീണ്ടുപോയാല്‍, അത് ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധങ്ങളെ ഭാവിയില്‍ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍, വൈകാതെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നാണ് സൂചന. ഇതിനിടെ, പ്രവാസികളുടെ മടക്കയാത്ര പെരുവഴിയിലാക്കിയ, കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്‍കാസ്, കെഎംസിസി ഉള്‍പ്പടെയുള്ള വിവിധ പ്രവാസി സംഘടനകള്‍ പരസ്യമായി രംഗത്ത് വന്നതും പ്രതിഷേധത്തിന്‍റെ ഗൗരവം വര്‍ധിപ്പിച്ചു. ഇതിനിടെ, കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി നേരത്തെ ലഭിച്ചിട്ടുള്ള, ചില വിമാന സര്‍വീസുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്.