ഐഫോണ്‍ ക്യാപ്സൂളും പൊളിഞ്ഞു ; പ്രതിപക്ഷ നേതാവിനെതിരായ നുണപ്രചരണത്തില്‍ വെട്ടിലായി സിപിഎം

Jaihind News Bureau
Monday, October 5, 2020

 

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ മലക്കംമറിഞ്ഞതിനു പിന്നാലെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ നടത്തിയ നുണപ്രചരണത്തില്‍ വെട്ടിലായി സിപിഎം. പ്രചരണത്തിന് നേതൃത്വം നല്‍കിയ  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്കാണ് സന്തോഷ് ഈപ്പന്‍റെ നിലപാട് തിരിച്ചടിയായിരിക്കുന്നത്. സന്തോഷ് ഈപ്പന്‍റെ ആരോപണം വന്നതിന് തൊട്ടുപിന്നാലെ  കോടിയേരി  ഈ ആരോപണം ഏറ്റുപിടിച്ചു രംഗത്തെത്തുകയായിരുന്നു.

പ്രതിപക്ഷ നേതാവിന് ഐഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. അഞ്ച് ഐഫോണ്‍ വാങ്ങിയിരുന്നു. ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ മൊഴി.   തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട്  സന്തോഷ് ഈപ്പന് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചിരുന്നു.  അല്ലാത്തപക്ഷം മാനനഷ്ടത്തിന് ഒരുകോടി നൽകണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ്  നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്.

ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സന്തോഷ് ഈപ്പൻ പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം നടത്തിയത്. യു.എ.ഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐഫോൺ സമ്മാനമായി നൽകിയെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം തെറ്റാണെന്ന് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി. ചടങ്ങിനോട് അനുബന്ധിച്ച് നൽകിയ ഐഫോണുകൾ എവിടെ എന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും  പ്രതിപക്ഷ നേതാവ് പരാതി നൽകി. എന്നാൽ കേസ് ഇല്ലാതെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.