കേന്ദ്രസർക്കാരിന്‍റേത് വർഗീയ ഫാസിസ്റ്റ് അജണ്ട; സിപിഎമ്മിനെ കൂട്ടുപിടിച്ച് കേരളത്തിലും നടപ്പാക്കാന്‍ ശ്രമം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, July 23, 2022

കോഴിക്കോട്: വർ​ഗീയ ഫാസിസ്റ്റ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മറ്റ് രാഷ്‌ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് കോൺ​ഗ്രസിനെ തകർത്ത് ഈ അജണ്ട നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. കേരളത്തിലും സിപിഎമ്മിനെ കൂട്ടുപിടിച്ച് ഇതിന് ശ്രമിക്കുകയാണ് ബിജെപി. എല്ലാവരെയും യോജിപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോകണമെന്നും ഒത്തൊരുമയോടെ വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലും സംസ്ഥാനത്തും അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും വർധിക്കുകയാണ്. ഭരണകൂടങ്ങള്‍ അഴിമതിയുടെ പ്രയോക്താക്കളാവുന്ന സാഹചര്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പഞ്ചാബിൽ ബിജെപി തോറ്റാലും കോൺ​ഗ്രസ് ജയിക്കരുതെന്ന് അവർ ആ​ഗ്രഹിക്കുന്നു. അതുകൊണ്ടാണ് ആം ആദ്മി പാർട്ടിയെ അവർ സഹായിക്കുന്നത്. ഡൽഹിയിലും ഇതായിരുന്നു തന്ത്രം. ഇതു തന്നെയാണ് കേരളത്തിലെയും ബിജെപി അജണ്ട. ഇവിടെ കോൺ​ഗ്രസ് തകരണം. അതിനു സിപിഎമ്മിനെ സഹായിക്കുക. അവർ തമ്മിലുള്ള ഈ പാരസ്പര്യത്തിനൊപ്പം കേരളത്തിൽ അരാഷ്‌ട്രീയ വാദികൾ ഉണ്ടാക്കുന്ന വെല്ലുവിളിയും വലുതാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

അധികാരം ആരോടൊപ്പം എന്ന അപകടകരമായ അവസ്ഥയിലാണ് കേരളം. അധികാരം ലഭിക്കുന്നവരെ അധികാരം വല്ലാതെ ഭ്രമിപ്പിക്കുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെപ്പോലും കൈവിട്ടു കളയാൻ അധികാരം ചിലരെ പ്രേരിപ്പിക്കുകയാണ്. അധികാരത്തിനു വേണ്ടി എന്തു കുതന്ത്രവും പ്രകടിപ്പിക്കും. കൊവിഡില്‍ കേരളം അടച്ചിട്ടിരിക്കുകയായിരുന്നു. ജനങ്ങൾ വല്ലാതെ ഭയപ്പെട്ടിരുന്ന അവസ്ഥയിലായിരുന്നു തെരഞ്ഞെടുപ്പ്. സൈബർ സംവിധാനങ്ങൾ വാരിക്കോരി ഉപയോ​ഗിച്ചും സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗം ചെയ്തുമാണ് ഇടതു സർക്കാർ അധികാരം നിലനിർത്തിയത്. സാഹചര്യങ്ങൾ അവർ അനുകൂലമാക്കി. നമുക്കതിന് കഴിഞ്ഞില്ല. ഇനി ഈ വീഴ്ച ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒരുമിച്ചു നീങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.