മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ വാഴ്ത്തുപാട്ടിന് 12 അംഗ സംഘം; ചെലവഴിക്കുന്നത് ലക്ഷങ്ങള്‍

Jaihind Webdesk
Sunday, March 5, 2023

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന് മാത്രം 7 ലക്ഷത്തോളം രൂപ ശമ്പളം നല്‍കി സർക്കാർ. സർക്കാരിൻറെ വാർത്താ പ്രചാരണത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ പേജുകൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ലക്ഷങ്ങൾ ചെലവിട്ടുള്ള കരാർ നിയമനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.

12 അംഗ സംഘമാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്. 6,64,490 രൂപയാണ് ഇവർക്ക് പ്രതിമാസ ശമ്പളമായി സർക്കാർ നല്‍കുന്നത്. സർക്കാർ വെബ്സൈറ്റിന്‍റെ രൂപീകരണവും തപാൽ സെർവറിന്‍റെ മെയിന്‍റനൻസും എന്ന ശീർഷകത്തിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. 2022 നവംബർ മെയ് 16 മുതൽ ആറുമാസത്തേക്കായിരുന്നു ആദ്യ നിയമനം. നവംബർ 15ന് കരാർ അവസാനിച്ചെങ്കിലും ഒരുവർഷത്തേക്കുകൂടി കാലാവധി പുതുക്കി നൽകി. നവംബറിൽ കാലാവധി കഴിഞ്ഞ 12 അംഗ സംഘത്തിനാണ് ജോലിയിൽ തുടരാൻ അനുമതി നൽകിയത്.

സോഷ്യൽ മീഡിയ സംഘത്തെ നയിക്കുന്ന കരാർ ജീവനക്കാരന് പ്രതിമാസ ശമ്പളം 75,000, കണ്ടന്‍റ് മാനേജർക്ക് 70,000, സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർക്ക് 65,000 രൂപ, സോഷ്യൽ മീഡിയ കോർഡിനേറ്റർക്കും സ്ട്രാറ്റജിസ്റ്റിനും 65,000 ഇത്തരത്തിലാണ് ഇവരുടെ വേതനം. 22,290 രൂപ കൈപ്പറ്റുന്ന കമ്പ്യൂട്ടർ അസിസ്റ്റന്‍റിനാണ് സംഘാംഗങ്ങളിലെ ഏറ്റവും കുറവ് ശമ്പളം. ഡെലിവെറി മാനേജർ, റിസർച്ച് ഫെല്ലോ, കണ്ടന്‍റ് ഡെവലപ്പർ, കണ്ടൻറ് അഗ്രഗേറ്റർ, ഡാറ്റാ റിപോസിറ്ററി മാനേജർ എന്നിങ്ങനെയും തസ്തികകളുണ്ട്.