മലയാളി വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അവസ്ഥ പരിതാപകരം; കേന്ദ്രം മുന്‍കൂർ നടപടികള്‍ സ്വീകരിച്ചില്ല: കടുത്ത അനാസ്ഥയെന്ന് കെ സുധാകരന്‍ എംപി | VIDEO

 

തിരുവനന്തപുരം: യുക്രെയ്നില്‍ കുടുങ്ങിയ മലയാളി വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള സ്വന്തം പൗരന്മാരുടെ കാര്യത്തില്‍ കേന്ദ്രം കടുത്ത അനാസ്ഥ കാട്ടിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. യുദ്ധഭീഷണി നിലനിന്നിരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം മുന്‍കൂട്ടി നടപടികള്‍ ആരംഭിക്കേണ്ടതായിരുന്നു. ബങ്കറില്‍ അഭയം തേടിയ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയോ മുൻകൂർ നടപടികൾ സ്വീകരിക്കുകയോ കേന്ദ്രം ചെയ്തിട്ടില്ല.  യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തിയിലേക്ക് എത്തിപ്പെടുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. വാഹന സൌകര്യം ലഭിക്കുന്നില്ല. സ്ഫോടനം നടക്കുന്നതിനാല്‍ നടന്നുപോകാനുംപറ്റാത്ത അവസ്ഥയാണ്.

‘ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് അവർ കഴിയുന്നത്. വാഹനം ഇല്ലെങ്കിൽ നടന്നു പോകണം എന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നു. എങ്ങനെയാണ് അവർ സ്ഫോടനം നടക്കുന്നിടത്തുകൂടി നടന്നുപോകുന്നത്? വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ നയതന്ത്രത്തിലൂടെ പരിഹാരം കാണാൻ സർക്കാർ തയാറാകണം’ – കെ സുധാകരന്‍ എംപി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ഇവരെ സുരക്ഷിതരായി സ്വന്തം രാജ്യത്ത് എത്തിക്കാനായി സംസ്ഥാനം കേന്ദ്രത്തിനുമേല്‍ സമ്മർദ്ദം ചെലുത്തണം. തമിഴ്നാട് സര്‍ക്കാർ ഇക്കാര്യത്തില്‍  മുന്‍കൈ എടുത്തതുപോലെ കേരള സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

https://www.facebook.com/JaihindNewsChannel/videos/257906939850348

Comments (0)
Add Comment