കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനും വഫയ്ക്കുമെതിരായ നരഹത്യാവകുപ്പ് ഒഴിവാക്കി

Jaihind Webdesk
Wednesday, October 19, 2022

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യാവകുപ്പ് ഒഴിവാക്കി. പ്രതികളുടെ വിടുതല്‍ ഹർജിയില്‍ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. ഇതോടെ മനപൂര്‍വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ചു എന്നീ വകുപ്പുകളാവും ഇനി  നിലനില്‍ക്കുക.

ശ്രീറാമിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വഫയ്‌ക്കെതിരെ മോട്ടോർ വാഹന കേസ് മാത്രം. മനപൂർവമല്ലാത്ത നരഹത്യാ കുറ്റം മാത്രമാണ് ശ്രീറാമിനെതിരെ ചുമത്തിയത്. തങ്ങൾക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാനരഹിതമായതിനാൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതൽ ഹർജികളിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫ ഫിറോസും ആവശ്യപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിക്കാൻ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ സാക്ഷികൾ മൊഴി നൽകിയിട്ടില്ലെന്നുമാണ് വഫയുടെ വാദം. മദ്യപിച്ച് വാഹനമോടിച്ചെന്ന് തെളിയിക്കാൻ പോലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാമിന്‍റെ വാദം.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ടത്. വഫ ഫിറോസിന്‍റെ പേരിലുള്ളതാണ് വാഹനം. ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന വൈകിപ്പിച്ചതും മൊബൈല്‍ ഫോണ്‍ കാണാതായതുമടക്കം നിരവധി ദുരൂഹതകള്‍ കേസിലുണ്ടായിരുന്നു.