ഡോളര്‍ക്കടത്ത് കേസ് : സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി ഇന്നും ഹാജരാകില്ല

Jaihind News Bureau
Wednesday, January 6, 2021

കൊച്ചി : ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഹാജരാകാതിരുന്നപ്പോൾ കസ്റ്റംസ് വിളിച്ചത് ഫോണിൽ മാത്രമാണെന്നും രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ ഹാജരാകുമെന്നും കെ. അയ്യപ്പൻ നിലപാടെടുത്തിരുന്നു. തുടർന്ന് കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഹാജരാകാനാകില്ലെന്ന് കെ.അയ്യപ്പൻ അറിയിക്കുകയായിരുന്നു. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയിലെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകുന്നത് . കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി കഴിഞ്ഞദിവസം കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തത ഉണ്ടാക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്. ജനുവരി എട്ടിന് നിയമസഭ ചേരാനിരിക്കെ, സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് സ്പീക്കറെയും ഓഫീസിനെയും ആകെ പ്രതിരോധത്തിലാക്കുകയാണ്. സ്പീക്കറുടെ ഓഫീസ് അടക്കം കസ്റ്റംസിന്റെ അന്വേഷണ പരിധിയിലേക്ക് എത്തുമ്പോൾ, നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം ഉയരുമെന്ന കാര്യത്തിൽ സംശയമില്ല.