സെക്രട്ടേറിയറ്റിലെ തീപിടിത്തം: അന്വേഷണ സമിതിയിൽ ആരോപണവിധേയരും സിപിഎം സംഘടനാ നേതാക്കളും; വിവാദം

Jaihind News Bureau
Thursday, August 27, 2020

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെക്കുറിച്ച്  അന്വേഷിക്കാൻ നിയോഗിച്ച സമിതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്  ആരോപണവിധേയരേയും സിപിഎം സംഘടനാ നേതാക്കളേയും. സംസ്ഥാന സർക്കാരിന് കീഴിലുള്ള അന്വേഷണം  പ്രഹസനമാണെന്ന പ്രതിപക്ഷ ആരോപണം  ബലപ്പെടുത്തുന്ന തെളിവുകളാണ് പുറത്ത് വരുന്നത്.

ദുരന്തനിവാരണ കമ്മീഷണർ ഡോ. എ കൗശികൻ ഐഎഎസ്  നേതൃത്വം നൽകുന്ന ഉന്നതതല കമ്മിറ്റിയെയാണ്  തീപിടിത്തത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ചത്.  തീപിടിത്തം ഉണ്ടായ 25-ാം തീയതി  ജോ. സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ, അണ്ടർ സെക്രട്ടറി എ. പി രാജീവൻ,  സെക്ഷൻ ഓഫീസർ സുദർശനൻ അസിസ്റ്റന്‍റുമാരായ ഹരി. പി. നായർ, പ്രമോദ് എന്നിവരെ  കൗശികൻ ഐഎഎസിനെ സഹായിക്കാൻ നിയോഗിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.   അന്വേഷണത്തിലെ സുതാര്യത ഉറപ്പാക്കാനായി  വകുപ്പിലെ ഫയലുകളെക്കുറിച്ച് അറിവുള്ള വിശ്വസ്തരായ ഉദ്യോഗസ്ഥരെ  ചുമതല ഏൽപ്പിക്കുന്നതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

സിപിഎം സംസ്ഥാന നേതൃത്വത്തിനും  മുഖ്യമന്ത്രിക്കും ഏറ്റവും വിശ്വസ്തരായ പാർട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് കൗശികൻ ഐഎഎസിനെ  സഹായിക്കാനായി നിയോഗിച്ചത്. എ. രാജീവൻ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  പേഴ്സണൽ സ്റ്റാഫിലെ  അംഗമായിരുന്നു. മാത്രമല്ല ഇദ്ദേഹം മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതിന്  ആരോപണം നേരിടുന്ന ആളുമാണ്. ഹരി പി നായർ എന്ന  ഉദ്യോഗസ്ഥന്‍റെ  സീറ്റിലാണ് തീപിടുത്തമുണ്ടായി ഫയലുകൾ കത്തി നശിച്ചത്.  സുദർശനൻ  സെക്ഷൻ ഓഫീസറാണ്.  ചുരുക്കത്തിൽ  അട്ടിമറിക്ക് നേതൃത്വം കൊടുത്തവരെ തന്നെയാണ് അന്വേഷണത്തിന് സഹായിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നാണ് സംശയം.

ഇതോടെ  തീപിടിത്തം ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണം എന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിന് കൂടുതൽ പൊതുസമ്മതിയും ലഭിച്ചിരിക്കുകയാണ്. അതേസമയം, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശ യാത്രകളെ സംബന്ധിച്ചടക്കം അന്വേഷണം നടക്കുമ്പോഴാണ്  സർക്കാർ നടപടി എന്നത്  എൻഐഎ സംഘവും ഗൗരവത്തോടെയാണ് കാണുന്നത്.