27 ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കു ഇന്ന് തിരി തെളിയും; ടോറി ആന്‍റ്  ലോകിത ഉദ്ഘാടന ചിത്രം

Jaihind Webdesk
Friday, December 9, 2022

തിരുവനന്തപുരം: ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കു ഇന്ന് തലസ്ഥാന നഗരിയിൽ തിരി തെളിയും. 14 വേദികളിലായി 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത് .ടോറി ആന്‍റ്  ലോകിതയാണ് ഉദ്ഘാടന ചിത്രം

ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർത്ഥികളായ ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ്
ടോറി ആന്‍റ് ലോകിത.
അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ചലച്ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്
12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. 12000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ചലച്ചിത്ര മേളയിൽ. 200 ൽപ്പരം ചലച്ചിത്രപ്രവർത്തകർ അതിഥികളായി എത്തും. കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയയിൽനിന്നുള്ള ആറ് സിനിമകളാണ് പ്രദർശിപ്പിക്കുക

സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാഫർ പനാഹി, ഫത്തി അകിൻ, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ദുക്കിന്‍റെ അവസാനചിത്രവും മേളയിൽ പ്രദർശിപ്പിക്കും. തൽസമയ സംഗീതത്തിന്‍റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങളും അരങ്ങിലെത്തും. അൻപതു വർഷം പൂർത്തിയാവുന്ന സ്വയംവരത്തിന്‍റെ പ്രത്യേക പ്രദർശനം, തമ്പ് എന്ന ചിത്രത്തിന്‍റെ പുനരുദ്ധരിച്ച പതിപ്പിന്‍റെ പ്രദർശനം എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയും. രജത ചകോരത്തിന് അർഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും
സമ്മാനമായി ലഭിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി ചലച്ചിത്ര മേളയ്ക്ക് തിരിതെളിക്കും.