കെ.എസ്.ആര്‍.ടി.സിയില്‍ നിര്‍ബന്ധിത സാലറി ചലഞ്ച് പാടില്ല: തമ്പാനൂര്‍ രവി

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിര്‍ബന്ധിത സാലറി ചലഞ്ച് നടപ്പാക്കരുതെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും കത്തുനല്‍കി.

ഒന്നും രണ്ടും പ്രളയകാലത്ത് പ്രളയഫണ്ട് ജീവനക്കാരില്‍ നിന്നും ഓണം ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. 2016 ല്‍ കാലാവധി അവസാനിച്ച ശമ്പളക്കര്‍ ഇതുവരെ പുതുക്കി നല്‍കിയില്ല. ആറ് ഗഡു ഡി.എ ഇപ്പോഴും തടഞ്ഞു വച്ചിരിക്കുകയാണ്. പതിനായിരം പേരെ പിരിച്ചുവിട്ടു. കഴിഞ്ഞ 45 മാസമായി തൊഴിലാളികള്‍ പീഡന വൈറസിന്‍റെ പിടിയിലാണ്. പ്രതിമാസ വേതനം പോലും സമയത്തിന് ലഭ്യമല്ല.

ഡ്യൂട്ടിക്കെത്തിയിട്ടും ബസോടിക്കാന്‍ അവസരം നല്‍കാതെ ഹാജരും ശമ്പളവും നിഷേധിക്കുന്നു. ലോക്ക് ഡൗണില്‍ സര്‍ക്കാരിന്‍റെ എല്ലാ താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്പളം നല്‍കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ അത് നടപ്പിലാക്കുന്നില്ല. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം നിഷേധിച്ചു. കുറഞ്ഞ വരുമാനത്തില്‍ ജീവിതം രണ്ടറ്റം കൂട്ടിമുടിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരെ സര്‍ക്കാര്‍പട്ടിണിയിലാക്കരുത്. തൊഴിലാളികളുടെ കഴിവിനനുസരിച്ച് സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ശമ്പളം പിടിക്കുന്ന നടപടി സ്വീകരിക്കാവൂയെന്നും തമ്പാനൂര്‍ രവി കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Comments (0)
Add Comment