ജീവനെടുത്ത് ടിക് ടോക്; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിയേറ്റ് കൗമാരക്കാരന് ദാരുണാന്ത്യം

Jaihind Webdesk
Thursday, June 13, 2019

മുംബൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന് ദാരുണാന്ത്യം. പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശിയാണ് പ്രതീക്.

ബന്ധുവിന്‍റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ ഷിര്‍ദിയിലെത്തിയതായിരുന്നു പ്രതീകും ബന്ധുക്കളും. ഹോട്ടല്‍ മുറിയില്‍ വെച്ച് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ പ്രതീകിന് വെടിയേല്‍ക്കുകയായിരുന്നു.  ബന്ധുക്കളിലൊരാളുടെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു വീഡിയോ ചിത്രീകരണം. ഇതിനിടെ തോക്കിന്‍റെ കാഞ്ചി അബദ്ധത്തില്‍ അമരുകയും പ്രതീകിന് വെടിയേല്‍ക്കുകയുമായിരുന്നുവെന്ന് ഷിര്‍ദി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്‍റെ ബന്ധുക്കളായ സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതീക് വെടിയേറ്റു വീണതോടെ കൂടെയുണ്ടായിരുന്നവര്‍ ഹോട്ടല്‍ മുറിക്ക് പുറത്തേക്കോടി. ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പോലീസ് പറയുന്നു. അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്ന് സംഘം പറയുന്നുണ്ടെങ്കിലും പോലീസ് എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.