തമിഴ് നടന്‍ വിവേക് അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയില്‍

Jaihind Webdesk
Saturday, April 17, 2021

ചെന്നൈ : പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

220 ലേറെ സിനിമകളിൽ വിവേക് അഭിനയിച്ചു. അ‍ഞ്ചുതവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം, രജനീകാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.

തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ നിന്നു കൊമേഴ്സിൽ ബിരുദമെടുത്ത വിവേക് ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമർക്ലബിന്‍റെ സ്ഥാപകൻ പി.ആർ ഗോവിന്ദരാജനാണ് സംവിധായകൻ കെ ബാലചന്ദറിന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്‍റെ സഹായിയായി. 1987 ൽ‌ കെ ബാലചന്ദറിന്‍റെ സംവിധാനത്തിലൊരുങ്ങിയ ‘മനതിൽ ഉരുതി വേണ്ടും’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. റൺ‌, ധൂൾ, ബോയ്സ്, സാമി, ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, അന്യൻ, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താൽ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.