അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത് താലിബാന്‍; ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ പ്രഖ്യാപനം ഉടന്‍; രാജ്യം വിട്ട് പ്രസിഡന്‍റ് അഷ്റഫ് ഘാനി

Jaihind Webdesk
Monday, August 16, 2021

 

കാബൂള്‍ : ഇരുപതു വർഷത്തെ ഇടവേളയ്ക്കുശേഷം അഫ്ഗാൻ ഭരണം പിടിച്ചെടുത്ത് താലിബാൻ. കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാൻ പതാക നീക്കി താലിബാന്‍റെ കൊടി നാട്ടി. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ ഉടൻ പ്രഖ്യാപിക്കും. താലിബാൻ സേന കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയും വൈസ് പ്രസിഡന്‍റ് അമറുല്ല സാലിഹും രാജ്യം വിട്ടതായാണ് റിപ്പോർട്ട്. രാജ്യം വിട്ടത് രക്തച്ചൊരിച്ചൽ ഒഴിവാക്കാനെന്ന് അഷ്‌റഫ് ഘാനി പറഞ്ഞു. ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായി പ്രസ് സെക്രട്ടറി.  അക്കൗണ്ടിന്‍റെ നിയന്ത്രണം നഷ്ടമായെന്നും പ്രസ് സെക്രട്ടറി അറിയിച്ചു. താലിബാൻ മേധാവി മുല്ല അബ്ദുൽ ഘാനി ബറാദർ പുതിയ പ്രസിഡന്‍റാകുമെന്നാണു സൂചന. ദോഹയിൽ ഇന്നു നടക്കുന്ന ചർച്ചയ്ക്കുശേഷമാകും പുതിയ സർക്കാർ പ്രഖ്യാപനം.

ഘാനി തജിക്കിസ്ഥാനിലേക്കു പോയതായാണു സൂചന. കിഴക്കൻ നഗരമായ ജലാലാബാദും താലിബാൻ പിടിച്ചെടുത്തതോടെയാണ്  ഗനി സർക്കാരിന്‍റെ പതനം ഉറപ്പായത്. തുടർന്ന് സെൻട്രൽ ബാമിയാൻ പ്രവിശ്യയും ബഗ്രാമിലെ മുൻ യുഎസ് വ്യോമതാവളവും താലിബാൻ പിടിച്ചു. കാബൂൾ നഗരകവാടത്തിലെത്തിയ താലിബാൻ, ബലപ്രയോഗം നടത്തുന്നില്ലെന്നും നിരുപാധികം കീഴടങ്ങണമെന്നും സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും മാനിക്കുമെന്ന് താലിബാൻ വക്താവ് പറഞ്ഞു. തീവ്ര നിലപാടുകളിൽ അയവുണ്ടാകുമെന്ന സൂചന താലിബാൻ വക്താവ് നൽകിയെങ്കിലും യുഎസും ബ്രിട്ടനും മറ്റു പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരന്മാരെയും അതിവേഗം ഒഴിപ്പിക്കുകയാണ്.

അതേസമയം അഫ്ഗാൻ പ്രശ്‌നം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഉടൻ യോഗം ചേർന്നേക്കും. ബ്രിട്ടൻ ബുധനാഴ്ച അടിയന്തര പാർലമെന്‍റ് സമ്മേളനം വിളിച്ചിട്ടുണ്ട്. ദോഹയിൽ ഇന്നു ചർച്ച നടക്കാനിരിക്കെ പുതിയ സർക്കാർ വരാൻ ഏതാനും ദിവസമെടുത്തേക്കാം. താലിബാൻ മേധാവി മുല്ല അബ്ദുൽ ഘാനി ബറാദർ പുതിയ പ്രസിഡന്‍റാകുമെന്നാണ് സൂചന. ദോഹയിൽ ഇന്നു നടക്കുന്ന ചർച്ചയ്ക്കുശേഷമാകും പുതിയ സർക്കാർ പ്രഖ്യാപനം.

യുഎസ് സഖ്യസേനയുടെ പിന്മാറ്റം പൂർത്തിയാകാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് 10 ദിവസം നീണ്ട പടനീക്കത്തിനൊടുവിൽ താലിബാൻ രാജ്യ തലസ്ഥാനത്തെത്തിയത്. 1996ൽ അഫ്ഗാനിൽ അധികാരം പിടിച്ച താലിബാനെ 2001 ലാണ് യുഎസ് സഖ്യസേന പുറത്താക്കിയത്. 20 വർഷത്തിനുശേഷം യുഎസ് സേന പിന്മാറുമ്പോൾ കാബൂളിലേക്ക് ഇരട്ടി ശക്തിയോടെയാണ് താലിബാന്‍റെ മടങ്ങിവരവ്.