കണ്ണൂർ : വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ടി.പത്മനാഭന്‍. 87 വയസ്സുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമായിരുന്നു അത്. കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചതെന്തിനെന്നും അദ്ദേഹം ചോദിച്ചു. ഗൃഹസന്ദര്‍ശനത്തിനെത്തിയ പി.ജയരാജനോടായിരുന്നു അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
കിടപ്പുരോഗിയായ പരാതിക്കാരിയെ നേരിട്ട് ഹാജരാകാന്‍ നിര്‍ബന്ധിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നുവന്നത്. പരാതി കേള്‍ക്കാന്‍ മറ്റു മാര്‍ഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിനെ അധ്യക്ഷ ശകാരിക്കുകയും ചെയ്തിരുന്നു. പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നേരിട്ടുതന്നെ ഹാജരാകണമെന്നായിരുന്നു ജോസഫൈന്‍റെ നിലപാട്. അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റു കിടപ്പിലായ 89കാരി ലക്ഷ്മിക്കുട്ടിയമ്മയ്ക്കാണു ദുരനുഭവം ഉണ്ടായത്. പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്ന് ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധു പറഞ്ഞു.