മലയാള കഥയുടെ എഴുത്തച്ഛന്‍ ടി പത്മനാഭന്‍ ജയ്ഹിന്ദ് ന്യൂസിനോട് ” ഇന്ത്യയ്ക്ക് പുറത്തുള്ളവരാണ് മലയാള സംസ്‌കാരത്തെ ശരിയായി സ്‌നേഹിക്കുന്നത്” | VIDEO

B.S. Shiju
Thursday, October 31, 2019

ഷാര്‍ജ : മലയാളത്തെയും മലയാള സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയ്ക്ക് പുറത്താണെന്ന്, മലയാള കഥയുടെ എഴുത്തച്ഛന്‍ ടി പത്മനാഭന്‍ പറഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവരാണെന്നും അദേഹം പറഞ്ഞു.  എഴുത്തില്‍ ആറരപ്പതിറ്റാണ്ടിലധികം പിന്നിടുമ്പോഴും , മലയാള സാഹിത്യത്തില്‍ പ്രകാശം പരത്തുന്ന ടി പത്മനാഭന്‍, ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ജയ്ഹിന്ദ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പുസ്തക മേളകള്‍ എപ്പോഴും വായനയ്ക്ക് ഉത്തേജനം നല്‍കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ അത് വളരെയേറെ ഫലപ്രദമാണ്. ഇത് എന്റെ അനുഭവമാണ്. ലോകത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. അവിടത്തെ മലയാളി സമാജങ്ങളുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എങ്കിലും, തനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയിട്ടുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ളവരാണെന്നും മലയാള കഥയുടെ കുലപതി പറഞ്ഞു.

താന്‍ ആദ്യമായിട്ടല്ല ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. ശ്രീകല മുല്ലശേരിയുടെ പുസ്തകം പ്രകാശനത്തിനായാണ് ഇത്തവണ വന്നത്. ഷാര്‍ജ പുസ്തക മേളയുടെ സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടു. നേരത്തെ മണല്‍പ്പരപായിരുന്നു സ്ഥലങ്ങളെല്ലാം ഇപ്പോള്‍ ഏറെ മനോഹരമാക്കിയിരിക്കുന്നു. ആള്‍ക്കൂട്ടം അന്നും ഇന്നും കാണാനാകുന്നുണ്ട്. അതാണ്, ഈ മേളയുടെ വിജയമെന്നും ഈ വര്‍ഷം തൊണ്ണൂറാം വയസിലേക്ക് കടക്കുന്ന മലയാളത്തിന്‍റെ പ്രമുഖ കഥാകൃത്ത് പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ ഇത്തവണ വീല്‍ചെയറിലാണ് അദേഹം, ഷാര്‍ജ പുസ്തക മേളയിലേക്ക് എത്തിയത്.