ജോസഫൈന് വനിത കമ്മീഷന്‍ അധ്യക്ഷയായിരിക്കാന്‍ യോഗ്യതയില്ല; കഠിനംകുളത്തെ കൂട്ട ബലാല്‍സംഗം ഞെട്ടിപ്പിക്കുന്നത് : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, June 5, 2020

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്ന വാര്‍ത്ത  മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.   കേരളത്തില്‍   സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ  പിണറായി വിജയന്‍റെ ഭരണകാലത്താണ്  കേരളം കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികമുള്ള സംസ്ഥാനമായി മാറിയത്.  രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗത്തിന്‍റെ ഭീതിജനകമായ ഓര്‍മയാണ് കഠിനംകുളം സംഭവം ഉയര്‍ത്തുന്നത്.

സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം നേതാക്കള്‍ പ്രതികളായ നിരവധി സ്ത്രീ പീഢന കേസുകള്‍ സംസ്ഥാനത്തുണ്ടായി. അതിലൊക്കെ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് കൈക്കൊണ്ടത്.  സ്ത്രീകളുടെ സുരക്ഷക്കായി രൂപീകരിച്ചിരുന്ന വനിത  കമ്മീഷന്‍റെ അധ്യക്ഷ തന്നെ സ്ത്രീപീഢകരെ ന്യായീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സിപിഎം എന്നാല്‍  കോടതിയും പൊലീസുമാണ് എന്ന് പറയുന്ന വനിതാ കമ്മീഷന്‍  അധ്യക്ഷക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യാതൊരു യോഗ്യതയുമില്ല.  അര്‍ദ്ധ ജുഡീഷ്യല്‍  സംവിധാനമായ വനിത കമ്മീഷന്‍റെ  തലപ്പത്തിരിക്കുന്ന എം.സി ജോസഫൈന്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ  പ്രസ്താവനകള്‍ നടത്തുന്നത്  അംഗീകരിക്കാനാവില്ലന്നും  രമേശ് ചെന്നിത്തല പറഞ്ഞു.