‘ഈ ഫൈന്‍ അടയ്ക്കില്ല, പറ്റുമെങ്കില്‍ നോക്ക്… എന്നാല്‍ ഈ സർക്കാരിനെ വരെ താഴെ ഇറക്കും’; സ്വപ്നാ സുരേഷ്

Jaihind Webdesk
Tuesday, November 7, 2023

കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ 50 ലക്ഷവും സ്വപ്നാ സുരേഷ് 6 കോടിയും ഒടുക്കണമെന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം. ഡോളർ കടത്ത് കേസിൽ സ്വപ്നാ സുരേഷിനും ശിവശങ്കറിനും 65 ലക്ഷം രൂപ വീതവും പിഴ ചുമത്തി. കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ രാജേന്ദ്ര കുമാറിന്‍റേതാണ് ഉത്തരവ്. നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടന്നത് ശിവശങ്കറിന്‍റെ അറിവോടുകൂടിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പേരിൽ നിന്നായി 66 കോടി രൂപ ഈടാക്കാനും നിർദേശമുണ്ട്. ഡോളർക്കടത്ത് കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ ഒരു കോടിയും യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ ഖാലിദ് 1.3 കോടിയും പിഴ ഒടുക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി സ്വപ്നാ സുരേഷ് രംഗത്തെത്തി. ഫൈന്‍ അടയ്ക്കില്ലെന്നും അങ്ങനെയെങ്കില്‍ ഈ സർക്കാരിനെ വരെ താഴെയിറക്കും എന്നുമായിരുന്നു സ്വപ്നയുടെ പ്രതികരണം.

‘ഈ ഫൈന്‍ അടയ്ക്കില്ല, പറ്റുമെങ്കില്‍ ഒന്ന് അടപ്പിച്ചുനോക്ക്… എന്നാല്‍ ഈ സർക്കാരിനെ വരെ താഴെ ഇറക്കും’ – സ്വപ്നാ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.