കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയെന്ന് ഹൈക്കോടതി; കേസിന് പിന്നില്‍ ഉന്നതരെന്ന് സംശയം

കൊച്ചി : കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഏറെ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. കേസിലെ ചില പ്രതികളെ ഇനിയും പിടികൂടാനായില്ലെന്നും കോടതി നിരീക്ഷിച്ചു. കുഴൽപ്പണ കേസിന് പിന്നിൽ ചില ഉന്നതരുണ്ടെന്ന് സംശയിക്കുന്നു. ഇവരെ കണ്ടെത്തേണ്ടതുണ്ട്. പണത്തിന്‍റെ ഉറവിടവും ലക്ഷ്യവും വ്യക്തമായിട്ടില്ലെന്നും കോടതി പറഞ്ഞു. കേസിലെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് കെ ഹരിപാലിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

കൊടകര കേസുമായി ബന്ധപ്പെട്ട പരാതിയില്‍ പറയുന്നത് 25 ലക്ഷം രൂപ നഷ്ടമായെന്നാണ്. എന്നാൽ പോലീസ് കണ്ടെത്തിയത് 3.5 കോടി രൂപയാണ്. ഇതിലൊന്നും വ്യക്തതയായിട്ടില്ലെന്നും കോടതി പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കവര്‍ച്ചയാണെന്ന് സംശയിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം കൊടകര കേസില്‍ ഈ മാസം 24ന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഹൈക്കോടതി നിരീക്ഷണം കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഇപ്പോള്‍ അന്വേഷണ സംഘം പ്രതി ചേര്‍ത്ത 22 പേരില്‍ ബിജെപി നേതാക്കളാരും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വെറും ഒരു കവര്‍ച്ചാ കേസായാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നത്. എന്നാൽ ഇപ്പോള്‍ കോടതി ഈ വിഷയത്തില്‍ ചില നിരീക്ഷണം നടത്തിയ സാഹചര്യത്തില്‍ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച എന്തെങ്കിലും പോലീസ് കുറ്റപത്രത്തില്‍ ഉണ്ടാകുമോയെന്നും കാത്തിരുന്ന് കാണാം.

Comments (0)
Add Comment