സുരേഷ്‌ഗോപിക്കെതിരെ പുതിയ വകുപ്പുകള്‍? കേസില്‍ നിയമോപദേശം തേടാന്‍ പോലീസ്

Jaihind Webdesk
Thursday, November 16, 2023


മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സുരേഷ് ഗോപിക്കെതിരായ കേസില്‍, പോലീസ് നിയമോപദേശം തേടും. കേസിലെ സാക്ഷികളില്‍ നിന്ന് മൊഴിയെടുത്ത ശേഷം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം. മൂന്ന് മണിക്കൂര്‍ നീണ്ട വിശദമായ മൊഴിയെടുത്തതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരായ കേസില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. നിലവില്‍ 354 എ പ്രകാരമാണ് കേസ്. പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കും. പരാതിക്കാരി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ സുരേഷ് ഗോപിയുടെ വിശദമായ മൊഴിയാണ് നടക്കാവ് പൊലീസ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ എല്ലാം പൊലീസിനു മുമ്പാകെ സുരേഷ് ഗോപി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിയെ നോട്ടീസ് നല്‍കി വിട്ടയച്ചു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. ഇതുപ്രകാരമാണ് പൊതുപ്രവര്‍ത്തകനായ സുരേഷ് ഗോപിയെ നിബന്ധനകളോടെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കരുത് , സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ നിബന്ധനകളാണ് പൊലീസ് സുരേഷ് ഗോപിക്ക് നല്‍കിയത്. ഇത് ലംഘിച്ചാല്‍ ക്രിമിനല്‍ നടപടി ക്രമം 41 എയും 3, 4 ഉപവകുപ്പുകള്‍ പ്രകാരവും നോട്ടീസ് ഇല്ലാതെ അറസ്റ്റ് ചെയ്യാമെന്നും സുരേഷ് ഗോപിക്ക് നല്‍കിയ നോട്ടീസില്‍ പോലീസ് വ്യക്തമാക്കി.