റഫാല്‍: തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം

Jaihind Webdesk
Tuesday, February 26, 2019

SC-Rafale

റഫാൽ വിഷയത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികളിൽ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേൾക്കാൻ തീരുമാനിച്ചത്.

റഫാല്‍ വിഷയം തുറന്ന കോടതിയില്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേരത്തേ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കടുത്ത നടപടിയെടുക്കണമെന്നും ഹര്‍ജിക്കാരും ബി.ജെ.പി വിമതരുമായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിധിയിലെ വ്യാകരണ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ അപേക്ഷയിലും വാദം കേൾക്കും.

മുദ്രവെച്ച കവറില്‍ കേന്ദ്രം കോടതിക്ക് കൈമാറിയ വിവരങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്നും ഇക്കാരണത്താലാണ് റഫാല്‍ ഇടപാടിനെ കുറിച്ച് സി.എ.ജി റിപ്പോര്‍ട്ടുണ്ട് എന്നതടക്കമുളള ഗുരുതരമായ തെറ്റുകള്‍ ഡിസംബറിലെ കോടതി വിധിയില്‍ കടന്നുകൂടിയതെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെച്ചിരുന്നു.