മരടിലെ ഫ്‌ളാറ്റ് 20 നകം പൊളിക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം; സർക്കാരിനും രൂക്ഷ വിമർശനം; 23 ന് ചീഫ് സെക്രട്ടറി ഹാജരാകണം

Jaihind News Bureau
Friday, September 6, 2019

Supreme-Court-of-India

തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. സെപ്റ്റംബർ 20നകം ഫ്‌ലാറ്റുകൾ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഫ്‌ലാറ്റുകൾ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ സ്വമേധയ കേസ് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

കോടതി തീരുമാനത്തിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നിയമലംഘനം നടത്തി നിർമ്മിച്ച മരടിലെ ഫ്‌ലാറ്റുകൾ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.