
ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിച്ച കേരളത്തോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്കാന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ അപേക്ഷ ലഭിച്ചാല്‍ അത് അനുഭാവപൂര്‍വ്വം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
എന്യൂമറേഷന് ഫോം പൂരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനത്ത് ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ നിലവില്‍ 25 ലക്ഷത്തോളം പേര് പട്ടികയ്ക്ക് പുറത്താണെന്നും, നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയെങ്കിലും സമയം വേണമെന്നും കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ തീയതി ഇനിയും നീട്ടാനാവില്ലെന്ന കര്‍ശന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ സ്വീകരിച്ചത്.
ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി, കേരളത്തിലെ സവിശേഷ സാഹചര്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്കാന് സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. ഈ നിവേദനത്തിന്മേല് കമ്മീഷന് എടുക്കുന്ന തീരുമാനം ജനുവരി ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി പരിശോധിക്കും. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര് നടപടികള്‍ പൂര്‍ത്തിയാക്കി കരട് വോട്ടര്‍ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.