ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; ബംഗാളില്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി

Tuesday, January 15, 2019

പശ്ചിമ ബംഗാളിൽ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ  ബി.ജെ.പി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പിന് മുമ്പ് രഥയാത്ര നടത്തി പ്രചാരണം ചൂടുപിടിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.

ബംഗാള്‍ സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി അനുമതി നിഷേധിച്ചത്. എന്നാല്‍ ബി.ജെ.പിക്ക് യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിന് തടസങ്ങളില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രഥയാത്ര നടന്നാല്‍ ബംഗാളില്‍ വ്യാപക സംഘര്‍ഷങ്ങളും വര്‍ഗീയ കലാപവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

മൂന്ന് രഥയാത്രകൾക്ക് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ബി.ജെ.പിക്ക് അനുമതി നൽകിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്.