‘കോടികളുടെ സമ്പത്തിൽ അഭിരമിക്കുന്നവർക്ക് ഇന്ധന വിലവർദ്ധനവ് പ്രശ്നമല്ലായിരിക്കാം, പക്ഷേ അത്താഴപ്പട്ടിണിക്കാരന്‍റെ അവസ്ഥ അതല്ല’ : കെ സുധാകരന്‍

Jaihind Webdesk
Monday, November 1, 2021
ഇന്ധന വില വർദ്ധനവിനെതിരെ എറണാകുളം ഡിസിസി നടത്തിയ സമരത്തില്‍ പ്രതിഷേധിച്ചവർക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. ഇന്ധന വില വർദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുതെന്നും സുധാകരന്‍ പറഞ്ഞു.
ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോൾ വില വർദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകൾ എതിരേ വരുന്നത് സ്വാഭാവികമാണ്. തുടർച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ പോലും വാ തുറക്കാത്ത സിനിമാ നടൻമാർ ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ എതിർക്കുന്നത് അപലപനീയമാണ്. അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കാൻ താരങ്ങൾ തയ്യാറാകണം – അദ്ദേഹം പറഞ്ഞു.
സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും. സാധാരണക്കാരുടെ പ്രതിഷേധം ഭരണകൂടങ്ങളെ കേൾപ്പിച്ച എറണാകുളം ഡിസിസി ക്കും സമര ഭടൻമാർക്കും അഭിവാദ്യങ്ങള്‍ അർപ്പിക്കുന്നതായും സുധാകരന്‍ ഫേസ്ബുക്ക്പോസ്റ്റിലുടെ അറിയിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എറണാകുളം ഡി സി സി നടത്തിയ സമരത്തെ തകർക്കാൻ ചില സാമൂഹിക വിരുദ്ധർ ശ്രമിച്ചതായുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടു .
അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. ഇന്ധന വില വർദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്.
ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ അൽപം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തിൽ അഭിരമിക്കുന്നവർക്ക് ഇന്ധന വിലവർദ്ധനവ് പ്രശ്നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരൻ്റെ അവസ്ഥ അതല്ല .
ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോൾ വില വർദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകൾ എതിരേ വരുന്നത് സ്വാഭാവികമാണ്. തുടർച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ പോലും വാ തുറക്കാത്ത സിനിമാ നടൻമാർ ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ എതിർക്കുന്നത് അപലപനീയമാണ്. അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കാൻ താരങ്ങൾ തയ്യാറാകണം. സമരം ജനങ്ങൾക്ക് വേണ്ടിയാണെന്ന സത്യം ഭരണകൂടങ്ങൾക്ക് താരാട്ട് പാടുന്ന മാധ്യമങ്ങൾക്ക് അംഗീകരിക്കാൻ മടിയുണ്ട്. എന്നാൽ ജനം സമരത്തിന് അനുകൂലമെന്ന് പ്രതികരണങ്ങളിൽ നിന്ന് ഇപ്പോൾ മാധ്യമങ്ങളും മനസ്സിലാക്കിയിരിക്കുന്നു.
സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും. സാധാരണക്കാരുടെ പ്രതിഷേധം ഭരണകൂടങ്ങളെ കേൾപ്പിച്ച എറണാകുളം DCC യ്ക്കും സമര ഭടൻമാർക്കും അഭിവാദ്യങ്ങൾ!