പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി; ഇരുവര്‍ക്കും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വിമര്‍ശനം

Jaihind News Bureau
Saturday, November 30, 2019

രാജ്യത്തെ ജി.ഡി.പി വളർച്ചാ നിരക്കിൽ ഇടിവുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. നിർമ്മല സീതാരാമനും മോദിക്കും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിനെത്തിയ നിര്‍മ്മലാ സീതാരാമന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മൈക്ക് കൈമാറിയതിനെയും ഏറെക്കാലം ധനമന്ത്രിയായിരുന്നയാളും സാമ്പത്തിക ശാസ്ത്ര വിദ്ഗ്ദ്ധനുമായ സുബ്രഹ്മണ്യൻ സ്വാമി വിമര്‍ശിച്ചു. ഇന്ന് രാജ്യം നേരിടുന്ന പ്രശ്നം ആവശ്യക്കാരില്ല എന്നതാണെന്നും വിറ്റഴിക്കലിനോ വിതരണത്തിനോ പ്രശ്നമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി. എന്നാൽ ധനമന്ത്രി കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുകയും ചെയ്യുന്നു. ഈ ഇളവ് കടം എഴുതിത്തള്ളാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം നേരിടുന്ന മറ്റൊരു പ്രശ്‌നം, സത്യാവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാൻ അദ്ദേഹത്തിന്‍റെ ഉപദേശകർ ഭയക്കുന്നുവെന്നതാണ്. പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും അത്ഭുതകരമായ വളർച്ചയുണ്ടായി എന്നാണ് അദ്ദേഹത്തെ എപ്പോഴും ധരിപ്പിക്കുന്നതും അദ്ദേഹം ധരിക്കുന്നതും എന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഒരു മന്ത്രിയും തന്നോട് പരസ്യമായി സംസാരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല, പരസ്യമായിട്ടെന്നല്ല, സ്വകാര്യ കാബിനറ്റ് മീറ്റിംഗുകളില്‍ പോലും പ്രധാനമന്ത്രി അത് അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ കാര്യങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെന്നും സ്വാമി വ്യക്തമാക്കി.

രാജ്യത്തെ സമ്പദ് രംഗത്തിന്‍റെ ദുർബലാവസ്ഥ വെളിപ്പെടുത്തി സെപ്തംബർ പാദത്തിലെ ജി.ഡി.പി നിരക്ക് ഇന്നലെയാണ് പുറത്തുവന്നത്. സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്തംബർ പാദത്തിൽ 4.5 ശതമാനമാണ് സാമ്പത്തിക വളർച്ചയെന്ന് കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആറര വർഷത്തിനിടെയുള്ള ഏറ്റവും മോശം സാമ്പത്തിക വളർച്ചയാണിത്.