മോദിയുടെ റാലി വേദിയ്ക്കരികില്‍ പക്കോഡ വിറ്റു പ്രതിഷേധിച്ച് ബിരുധാരികൾ; കസ്റ്റഡിയിലെടുത്ത് പൊലീസ്

Jaihind Webdesk
Wednesday, May 15, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരേ വേറിട്ടൊരു പ്രതിഷേധം. ചണ്ഡീഗഡിലാണ് തെരഞ്ഞെടുപ്പു റാലി നടക്കുന്ന വേദിക്കു പുറത്ത് പക്കോഡ വിറ്റാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ബിരുദധാരികളുടെ വേഷം ധരിച്ചെത്തിയായിരുന്നു യുവതീയുവാക്കളുടെ പക്കോഡ വില്‍പന.  റാലി തുടങ്ങുന്നതിനു മുമ്പ് തന്നെ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

മോദി പക്കോഡ, അമിത് ഷാ പക്കോഡ, യെഡ്ഡി പക്കോഡ എന്നു പറഞ്ഞായിരുന്നു ഇവര്‍ വില്‍പന നടത്തിയത്.  തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് മോദി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു പ്രതിഷേധം.

‘ ഒരു വ്യക്തി പക്കോഡ വില്‍ക്കുകയാണെങ്കില്‍ വൈകുന്നേരമാകുമ്പോഴേക്കും 200 രൂപ കിട്ടും. അതിനെ ഒരു ജോലിയായി കണ്ടൂടേ?’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം.  മോദിയുടെ ഈ പരാമര്‍ശത്തിന്‍റെ വീഡിയോ അടക്കം കാട്ടിയായിരുന്നു ബിരുദധാരികളുടെ പ്രതിഷേധം. ‘ എഞ്ചിനിയേഴ്‌സ് ഉണ്ടാക്കിയ പക്കോഡ, ബി.എ എല്‍.എല്‍.ബിക്കാര്‍ ഉണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്’ എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.

സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരെ തുറന്ന വാഹനത്തിലായിരുന്നു പൊലീസ് കൊണ്ടുപോയത്.  വാഹനത്തില്‍ കസ്റ്റഡിയില്‍ ആയിരിക്കുമ്പോഴും പ്രതിഷേധക്കാര്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചത്. ‘ പക്കോഡ തൊഴില്‍ പദ്ധതിയിലൂടെ മോദിജി ഞങ്ങള്‍ക്ക് ജോലി നല്‍കി. അതിനാലാണ് ഞങ്ങള്‍ പക്കോഡ നല്‍കി നന്ദി അറിയിക്കാനെത്തിയത്. അതിനപ്പുറം ഞങ്ങളെപ്പോലുള്ള വിദ്യാസമ്പന്നര്‍ക്ക് ജീവിക്കാന്‍ മറ്റു വഴിയില്ല.’ എന്നായിരുന്നു അവര്‍ പറഞ്ഞത്.

പക്കോഡ പരാമര്‍ശത്തിന്‍റെ പേരില്‍ മോദിയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തെ മോദി സര്‍ക്കാര്‍ ഗൗരവമായല്ല കാണുന്നത് എന്നതിന്‍റെ തെളിവാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.