വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; പ്രതിഷേധ സമരത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

Jaihind Webdesk
Wednesday, October 10, 2018

സോഷ്യൽ മീഡിയ പോസ്റ്റിന്‍റെ പേരിൽ സസ്‌പെൻഷൻ നേരിടുന്ന കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്‍റർനാഷണൽ റിലേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് വിദ്യാർത്ഥി അഖിൽ താഴത്താണ് കാമ്പസിനകത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.  ഇതിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.

സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന നാഗരാജുവിനെ അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അഖിൽ ഫെയ്‌സ്ബുക്കിൽ കുറിപ്പെഴുതി. സർവ്വകലാശാലയുടെ നിലപാടിനെതിരെയായിരുന്നു കുറിപ്പിലെ പരാമർശം. ഇതിന്‍റെ പേരിൽ അഖിൽ താഴത്തിനെ സർവ്വകലാശാല സസ്‌പെന്‍റ് ചെയ്തിരിക്കുകയാണ്.

സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നതിനിടെയാണ് അഖിൽ ഇന്ന് രാവിലെ സർവ്വകലാശാല ഹെലിപാഡിന് സമീപത്തു വെച്ച് കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

അഖിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേന്ദ്ര സർവ്വകലാശാല ആസ്ഥാനത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ച തി നെ തുടർന്ന് തുടർന്ന് കാസറഗോഡ് കേന്ദ്ര സർവ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു. നാഗരാജുവിനെതിരെ പൊലീസിൽ പരാതി നൽകിയ സർവ്വകലാശാല അധികൃതരുടെ നടപടിയെ വിമർശിച്ച് കുറിപ്പെഴുതിയ അധ്യാപകനെയും സസ്‌പെന്റ് ചെയ്തിരുന്നു.