പാലക്കാട് സ്‌കൂളില്‍ തെരുവുനായ ആക്രമണം; ക്ലാസില്‍ കയറി വിദ്യാര്‍ത്ഥിനിയെ കടിച്ചു

Jaihind Webdesk
Monday, November 6, 2023

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് സ്‌കൂളിലെ ക്ലാസില്‍ കയറി തെരുവുനായ വിദ്യാര്‍ത്ഥിനിയെ കടിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മിസ്‌റയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ അധ്യാപിക ക്ലാസെടുക്കുന്ന സമയത്തായിരുന്നു ആക്രമണം. വേഗത്തില്‍ നായയെ തുരത്തിയതിനാല്‍ മറ്റ് കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരില്‍ ചിലര്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്. പിന്നീട് നായയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തല്ലിക്കൊന്നു. പേവിഷബാധ സംശയിക്കുന്ന നായ കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെ ഉള്‍പ്പെടെ ആക്രമിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മിസ്‌റയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.