4,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ മോതിരം ദുബായ് വേള്‍ഡ് എക്‌സ്‌പോ 2020 ലോഗോയായ കഥ ഇങ്ങനെ

B.S. Shiju
Tuesday, October 22, 2019

( വേള്‍ഡ് എക്‌സ്‌പോ സൈറ്റില്‍ നിന്ന് ലേഖകന്‍ )

ദുബായ് : 2020 വര്‍ഷത്തില്‍ ദുബായില്‍ വേദിയാകുന്ന  വേള്‍ഡ് എക്‌സ്‌പോ ലോഗോയില്‍ അടയാളപ്പെടുത്തിയത് 4,000 വര്‍ഷത്തെ ചരിത്രം. യുഎഇയിലെ മരുഭൂമിയില്‍ നിന്ന് പുരാവസ്തു ഓര്‍മ്മകളുമായി കണ്ടെത്തിയ, ഇരുമ്പുയുഗ കാലഘട്ടമാണ്,  വേള്‍ഡ് എക്‌സ്‌പോ 2020 ലോഗോയ്ക്ക് പ്രചോദനമായത് എന്നത്, മറ്റൊരു പുതിയ ചരിത്രമാകുന്നു. ഇപ്രകാരം, എക്‌സ്‌പോ ലോഗോയും ഇതിനുള്ളിലെ കൊച്ചു വളയങ്ങളും ‘ഭൂതകാലവും ഭാവിയും’ തമ്മിലുള്ള ബന്ധത്തെയാണ് വരച്ച് കാണിക്കുന്നത്. എക്‌സ്‌പോ 2020 ഗ്‌ളോബല്‍ മീഡിയാ ബ്രീഫിങ്ങിനോട് അനുബന്ധിച്ച് , ജയ്ഹിന്ദ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ലോഗോയുടെ പുതിയ ചരിത്രം അടയാളപ്പെടുത്തിയത്.

2016 മാര്‍ച്ചില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 4,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ മോതിരം കണ്ടെത്തിയിരുന്നു. ദുബായ് അല്‍ മര്‍മൂം പ്രദേശത്തെ, സറൂഖ് അല്‍ ഹദീദ് കേന്ദ്രത്തില്‍ നിന്നാണ് ഈ മോതിരം കണ്ടെത്തിയത്.  ഇപ്രകാരം, സിറ്റി ഓഫ് ഗോള്‍ഡ് എന്ന അറിയപ്പെടുന്ന ദുബായിയുടെ, ഭൂതകാലവും ഭാവിയും തമ്മിലുള്ള ബന്ധമാണ് എക്‌സ്‌പോ ലോഗോ. ഒപ്പം, ഇത് പുരാതന നാഗരികതകളുമായി ബന്ധമുള്ള ഒരു ജനതയെയും പ്രതിനിധീകരിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

ലോഗോയുടെ മധ്യത്തില്‍ ഒരു സ്വര്‍ണ്ണ വെളിച്ചം കൂടി പ്രകാശിക്കുന്നതിനാല്‍, ഈ വളയങ്ങള്‍ക്ക് തിളക്കം കൂടുതലാണ്. ഇപ്രകാരം, ലോഗോയുടെ രൂപകല്‍പ്പനയിലേക്ക് ഒരു അറബ് ആത്മാവിനെ ആധികാരികമായി കൊണ്ടുവരാനും സംഘാടകര്‍ ശ്രമിച്ചു. കൂടാതെ,  ദുബായിയുടെ നാഗരികതയ്ക്ക് ആഴത്തില്‍ വേരുകള്‍ ഉണ്ടെന്ന് കൂടി, എക്‌സ്‌പോ 2020 ലോഗോ ,ലോകത്തോട് വിളിച്ചു പറയുന്നു. 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജീവിച്ചിരുന്ന ആളുകള്‍ ഈ ദേശത്തിന് ആഴത്തിലുള്ള സൃഷ്ടിപരമായ മനോഭാവം നല്‍കിയിരുന്നു. ഇതിനുള്ള നന്ദി കൂടിയായി ഈ രാജ്യത്തെ ജനങ്ങള്‍,  വരും നൂറ്റാണ്ടിന്റെ ഭാവിയ്ക്കായി പുതിയ രാജ്യത്തെ കെട്ടിപ്പടുക്കുകയാണ് ദുബായ് വേള്‍ഡ് എക്‌സ്‌പോയിലൂടെ.

അബുദാബിയിലെ ബെയ്നൂഹ് മുതല്‍ ദുബായിലെ സറൂഖ് അല്‍ ഹദീദ് വരെയും ഷാര്‍ജയിലെ മലിഹ താഴ്വര മുതല്‍ റാസ് അല്‍ ഖൈമ, ഫുജൈറ പര്‍വതങ്ങള്‍ വരെയും വ്യാപിച്ചുകിടക്കുന്ന പതിനായിരത്തിലധികം വരുന്ന പുരാവസ്തുക്കളില്‍ ഒന്നാണ് ഈ ഭാഗ്യ മോതിരം. അതേസമയം, ഇത്തരം പുരാവസ്തുക്കളില്‍ നിന്ന് കണ്ടെത്തിയ മണ്‍പാത്രങ്ങളോ, വാള്‍ ഉള്‍പ്പടെയുള്ള പുരാതന ആയുധങ്ങളോ ഒന്നും ഇവിടെ ലോഗോ ആയി ഇടംപിടിച്ചില്ല. മറിച്ച് ,ഒരു ചെറിയ സ്വര്‍ണ്ണ മോതിരം ഇന്ന് ചരിത്രമായി മാറിയിരിക്കുന്നു. ഒപ്പം, ലോഗോയിലൂടെ എക്‌സ്‌പോയുടെ യഥാര്‍ഥ സന്ദേശത്തെയും മനസ്സിനെയും ബന്ധിപ്പിച്ച് , മികച്ച ഭാവി സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണെന്നും സംഘാടകര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.