കേരള തീരത്ത് ജാഗ്രതാനിര്‍ദ്ദേശം; 3.9 മീറ്റർ വരെ ഉയർന്ന തിരമാല ഉണ്ടായേക്കും

Jaihind Webdesk
Saturday, June 15, 2019

High-waves-lash-coast

കേരള തീരത്ത് ഇന്ന് രാത്രി 3.9 മീറ്റർ വരെ ഉയർന്ന തിരമാല ഉണ്ടാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം. രാത്രി 11.30 വരെ കാസർഗോഡ് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയമായ രാവിലെ ഏഴു മുതൽ 10 വരെയും, വൈകിട്ട് ഏഴു മുതൽ എട്ട് വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. പടിഞ്ഞാറ് നിന്ന് മണിക്കൂറിൽ 35 മുതൽ 50 കി.മീ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.