കൊവിഡിന്‍റെ പേരില്‍ തമ്മിലടി വേണ്ട ; സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കില്ല ; വി.ഡി സതീശന്‍

Jaihind Webdesk
Wednesday, June 2, 2021

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷം ഉപാധിയില്ലാത്ത പിന്തുണയാണ് നല്‍കുന്നതെന്നും വിവാദങ്ങളുണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡിന്‍റെ പേരില്‍ ഭരണ-പ്രതിപക്ഷം തമ്മിലടിച്ചാല്‍ രാഷ്ട്രീയക്കാരോട് ജനങ്ങള്‍ക്ക് പുച്ഛം തോന്നും. ഇത് അരാഷ്ട്രീയവാദം വളരാന്‍ ഇടയാക്കും. അതിനാലാണ് ഒരുമിച്ച് നിന്ന് കോവിഡിനെ നേരിടണമെന്ന് തീരുമാനിച്ചത്. അതേസമയം, ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും ശ്രദ്ധയില്‍പ്പെടുത്തുന്നതും സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ രണ്ടാം തരംഗത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നത് വസ്തുതയാണ്. എന്നാല്‍, ഏപ്രിലിലാണ് കേരളത്തില്‍ രണ്ടാം തരംഗം ഉണ്ടായത്. ആശുപ്രതികളില്‍ സൗകര്യമൊരുക്കാന്‍ കുറേക്കൂടി സമയം ഉണ്ടായിരുന്നു. 70 മുതല്‍ 80 ശതമാനം വരെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ജനങ്ങളാണ് കേരളത്തില്‍. മഹാരാഷ്ട്ര ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളുടെ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു. കുട്ടികളെ കൂടി ബാധിക്കുമെന്ന് പറയപ്പെടുന്ന മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലും മതിയായ പ്രതിരോധ, ചികില്‍സാ സംവിധാനത്തെക്കുറിച്ച് മുന്‍കൂട്ടി ചിന്തിക്കണം.

ഓക്‌സിജനും വെന്‍റിലേറ്ററും കിട്ടാതെ ഒരു കുട്ടി പോലും മരണപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. രോഗികളുടെ എണ്ണം കുറവാണെന്നാണ് ആദ്യം കേരളം അഭിമാനം കൊണ്ടത്. പിന്നീട് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായി മാറിയെന്നത് ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.