ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുന്നതല്ലാതെ യഥാര്‍ത്ഥ സ്ഥിതി അറിയാമോ ? രണ്ട് വിലയിലെ യുക്തി എന്ത് ? ; വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

Jaihind Webdesk
Monday, May 31, 2021

ന്യൂഡല്‍ഹി : കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും രണ്ട് വിലയിലെ യുക്തി എന്തെന്ന് സുപ്രീംകോടതി ചോദിച്ചു. ഗ്രാമങ്ങളിലുള്ളവര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡിജിറ്റല്‍ ഇന്ത്യ എന്നല്ലാതെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് അറിയാമോയെന്നും കോടതി ചോദിച്ചു. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണമാണ് വാക്‌സിന്‍ വാങ്ങുന്നതിനായി ചെലവഴിക്കുന്നത്. അതിനാല്‍ വ്യത്യസ്ത വില ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വാക്കാല്‍  നിരീക്ഷിച്ചു.

കേന്ദ്രം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം എന്തിനാണ് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിനായി നല്‍കേണ്ടത്? വാക്‌സിന്‍ വില നിര്‍ണയിക്കാനുളള അധികാരം കേന്ദ്രം എന്തു കൊണ്ടാണ് നിര്‍മാതാക്കള്‍ക്ക് വിട്ടത്? രാജ്യത്തിന് വേണ്ടി ഒരു വില ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്- കോടതി പറഞ്ഞു. വില നിര്‍ണയിക്കാനുളള കേന്ദ്രത്തിന്റെ അധികാരവും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുന്നതും കോടതി നിരീക്ഷിച്ചു.

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഒരാള്‍ ഡിജിറ്റല്‍ അറിവ് ഉളള വ്യക്തിയായിരിക്കണം. അതിനാല്‍ തന്നെ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ രജിസ്‌ട്രേഷന്‍ നടക്കില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യം പുഃനപരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.