ശ്രീലങ്കയിൽ അനിശ്ചിതത്വം തുടരുന്നു; പാർലമെൻറ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കി

Jaihind Webdesk
Wednesday, November 14, 2018

Sirisena-Srilanka-Parliament-SC

ശ്രീലങ്കയിൽ അനിശ്ചിതത്വം തുടരുന്നു. പാർലമെൻറ് പിരിച്ചുവിട്ട പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റീസ് നളിൻ പെരേര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻറേതാണ് വിധി. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി, തമിഴ് നാഷണൽ അലയൻസ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളും ഇലക് ഷൻ കമ്മീഷൻ അംഗവും സമർപ്പിച്ച ഹർജികളിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഭരണഘടനയുടെ 19-ാം ഭേദഗതിപ്രകാരം പാർലമെന്റ് പിരിച്ചുവിടാനുള്ള അധികാരം സിരിസേനയ്ക്കില്ലെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു.

വിക്രമസിംഗെയുമായുള്ള ഭിന്നത മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ പുറത്താക്കി മുൻ പ്രസിഡൻറ് രാജപക്‌സെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ച താണ് ലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു കളമൊരുക്കിയത്. കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാൻ അവസരം നൽകുന്നതിനായി ഈ മാസം 16 വരെ പാർലമെൻറ് മരവിപ്പിച്ചു. പിന്നീട് സമ്മർദത്തിനു വഴങ്ങി 14 നു പാർലമെൻറ് വിളിച്ചു. ഏതാനും പേർ കാലുമാറിയെങ്കിലും പാർലമെൻറിൽ രാജപക്‌സെയ്ക്കു വിശ്വാസവോട്ടു തേടാൻ ആവില്ലെന്നു വ്യക്തമായതിനെത്തുടർന്ന് ഈ മാസം ഒമ്പതിനു സിരിസേന പാർലമെൻറ് പിരിച്ചുവിടുകയായിരുന്നു.ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. രണ്ടുവർഷം കൂടി കാലാവധിയുള്ളപ്പോഴാണു പാർലമെൻറ് പിരിച്ചുവിട്ടത്.

ഭരണഘടനയുടെ 19-ാം ഭേദഗതി പ്രകാരം നാലരവർഷ കാലാവധി പൂർത്തിയാക്കുന്നതിനു മുന്പു പാർലമെൻറ് പിരിച്ചുവിടാൻ പ്രസിഡൻറിന് അധികാരമില്ലെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന പാർലമെൻറിൻറെ കാലാവധി 2020 ഓഗസ്റ്റ് വരെയായിരുന്നു.
അതിനിടെ, പാർലമെന്റ് ഉടൻ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ പാർട്ടികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ കാരു ജയസൂര്യയും രംഗത്തെത്തിയിട്ടുണ്ട്.

https://youtu.be/dEtBebobgwo