
കൊച്ചി: മലയാള സിനിമയില്‍ ചിരിയും ചിന്തയും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത ബഹുമുഖ പ്രതിഭ ശ്രീനിവാസന്‍ യാത്രയാകുന്നത് നാലര പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത ഒരു സിനിമാ ജീവിതം ബാക്കിവെച്ചാണ്. അഭിനയമായിരുന്നു മോഹമെങ്കിലും, മലയാള സിനിമയുടെ ഗതി മാറ്റിയ തിരക്കഥാകൃത്തായി ശ്രീനിവാസന്‍ ചരിത്രത്തില്‍ ഇടംപിടിച്ചു.
അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി നടന്ന ശ്രീനിവാസനെ തിരക്കഥാരചനയുടെ ‘അണ്ഡകടാഹത്തിലേക്ക്’ ബലമായി തള്ളിവിട്ടത് സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു. 1984-ല്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തിരക്കഥാകൃത്തായി അരങ്ങേറുന്നത്. അതിനു മുന്‍പ് കെ.ജി. ജോര്‍ജിനെപ്പോലെയുള്ള മഹാരഥന്മാരുടെ കൂടെ പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. രൂപപരമായ പരിമിതികള്‍ക്കിടയിലും തന്നിലെ നടനെ വളര്‍ത്താനുള്ള ഒരു ഉപാധിയായി അദ്ദേഹം എഴുത്തിനെ കണ്ടു. എന്നാല്‍, വൈകാതെ ആ തൂലിക മലയാള സിനിമയുടെ വിധി തന്നെ മാറ്റിയെഴുതി.
‘വെള്ളാനകളുടെ നാട്’ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ പ്രിയദര്‍ശന്‍ ചോദിച്ച പ്രശസ്തമായ ഒരു ചോദ്യമുണ്ട്’കോണ്‍ട്രാക്ട് നിയമങ്ങളുടെ ഈ വരണ്ട പ്രമേയം എങ്ങനെ സിനിമയാക്കും?’ തന്റെ സഹജമായ ചിരിയോടെ ശ്രീനിവാസന്‍ ഓരോരോ സീനുകളായി എഴുതി ലൊക്കേഷനിലെത്തിച്ചു. അത് വായിച്ച പ്രിയനും അഭിനയിച്ച നടന്മാരും പൊട്ടിച്ചിരിച്ചു; സിനിമ തിയേറ്ററിലെത്തിയപ്പോള്‍ കേരളമൊന്നാകെ ചിരിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷവും അഹമ്മദ് കുട്ടി പണിക്കരും ആ റോഡ് റോളറുമൊക്കെ ഇന്നും മലയാളിയെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഏത് കാലഘട്ടത്തെയും അതിജീവിക്കുന്നവയായിരുന്നു ശ്രീനിയുടെ ഓരോ രചനകളും.
ശ്രീനിവാസന്‍ എന്ന എഴുത്തുകാരനെ പൂര്‍ണ്ണമായി കണ്ടെത്തിയത് സത്യന്‍ അന്തിക്കാടായിരുന്നു. ‘മുത്താരംകുന്ന് പി.ഒ’ എന്ന ചിത്രത്തിലെ അടുക്കും ചിട്ടയുമുള്ള രചന കണ്ട സത്യന്‍, താന്‍ തേടി നടന്ന എഴുത്തുകാരനെ തിരിച്ചറിഞ്ഞു. ഈ കൂട്ടുകെട്ടില്‍ നിന്ന് ‘ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’, ‘നാടോടിക്കാറ്റ്’ തുടങ്ങിയ വിസ്മയങ്ങള്‍ പിറന്നു. കേവലം തമാശപ്പടങ്ങള്‍ക്കപ്പുറം, മനുഷ്യന്റെ നിസ്സഹായതയും ജീവിതപ്രതിസന്ധികളും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന ഒരു പുതിയ ശൈലി അവര്‍ രൂപപ്പെടുത്തി.
മലയാളി സമൂഹത്തിലെ ഗണ്യമായ വിഭാഗമായ ഇടത്തരക്കാരന്റെ ജീവിതമായിരുന്നു ശ്രീനിവാസന്റെ പരീക്ഷണശാല. സാഹിത്യഭാഷയെ നിരാകരിച്ച്, ജീവിതത്തില്‍ നിന്ന് നേരിട്ട് കയറിവന്ന പച്ചയായ സംഭാഷണങ്ങളാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയത്. ‘വരവേല്‍പ്പ്’, ‘സന്ദേശം’, ‘മിഥുനം’ തുടങ്ങിയ ചിത്രങ്ങളിലൂടെ തൊഴിലില്ലായ്മ, അഴിമതി, ട്രേഡ് യൂണിയനിസം എന്നിവയെ അദ്ദേഹം അതിശക്തമായി വിചാരണ ചെയ്തു. രാഷ്ട്രീയത്തെയും മധ്യവര്‍ഗ്ഗ കാപട്യങ്ങളെയും ഇത്രത്തോളം കൃത്യമായി മുറിവേല്‍പ്പിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിലില്ല.
തന്നിലെ മികച്ച നടനെ പലപ്പോഴും അദ്ദേഹം പരീക്ഷണാത്മകമായ വേഷങ്ങള്‍ക്കായി മാറ്റിവെച്ചു. ‘ബക്കറുടെ മണിമുഴക്കം’, ‘അരവിന്ദന്റെ ചിദംബരം’ എന്നീ ചിത്രങ്ങളിലൂടെ താന്‍ എത്ര വലിയ നടനാണെന്ന് തെളിയിച്ച അദ്ദേഹം, പിന്നീട് ബോധപൂര്‍വ്വം ‘കോമാളി’ വേഷങ്ങള്‍ കെട്ടി. ‘ഉദയനാണ് താരത്തിലെ’ സരോജ് കുമാറും ‘വടക്കുനോക്കിയന്ത്രത്തിലെ’ തളത്തില്‍ ദിനേശനും ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ കാരിക്കേച്ചര്‍ സ്വഭാവമുള്ള വേഷങ്ങളിലൂടെ ഗൗരവകരമായ പല കാര്യങ്ങളും പ്രേക്ഷകഹൃദയങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
മായാത്ത മുദ്രകള്‍
സംവിധായകന്‍ എന്ന നിലയില്‍ ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ രണ്ട് ചിത്രങ്ങളിലൂടെ മാത്രം അദ്ദേഹം തന്റെ പേര് ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തു. അപകര്‍ഷതാബോധവും ആത്മീയതയിലെ കാപട്യവും സ്ത്രീയുടെ അതിജീവനവുമെല്ലാം ആ രചനകളില്‍ കതിര്‍ക്കനമുള്ള പ്രമേയങ്ങളായി.
ജീവിതത്തെ ഒരു ഭാരമായി കാണാതെ, അതിലെ വൈരുദ്ധ്യങ്ങളെ നോക്കി പുഞ്ചിരിക്കാന്‍ മലയാളിക്ക് ധൈര്യം നല്‍കിയത് ശ്രീനിവാസനാണ്. ദാസനും വിജയനും സ്‌ക്രീനില്‍ ആലിംഗനം ചെയ്യുമ്പോള്‍ നമ്മള്‍ കണ്ടത് നമ്മുടെ തന്നെ സൗഹൃദങ്ങളെയാണ്. ആ വലിയ കലാകാരന്‍ വിടവാങ്ങുമ്പോള്‍, മലയാള സിനിമയുടെ തിരക്കഥയില്‍ ഒരിടം എന്നും അദ്ദേഹത്തിനായി ബാക്കിയുണ്ടാകും.