കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു

Jaihind News Bureau
Friday, June 12, 2020

 

കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്ന ആദ്യത്തെ വ്യക്തിയാണ് ശ്രീധന്യ സുരേഷ്. കൊവിഡ് കാലത്ത് ചുമതലയേല്‍ക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നായിരുന്നു   ശ്രീധന്യയുടെ പ്രതികരണം.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് സ്വന്തമാക്കിയത്. കേരളത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് കരസ്ഥമാക്കിയെന്ന നേട്ടവും ശ്രീധന്യക്കാണ്. ചരിത്രവിജയം സ്വന്തമാക്കിയ ശ്രീധന്യയെ രാഹുല്‍ ഗാന്ധി നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചിരുന്നു. പരീക്ഷാഫലം വന്നദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ചും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളേയും ജീവിത പ്രാരാബ്ധങ്ങളേയും മറികടന്നാണ് ശ്രീധന്യ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലാണ് ചരിത്ര വിജയം കൈവരിച്ചത്.