സ്പ്രിങ്ക്ളറില്‍ മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാന്‍ കെ സുരേന്ദ്രന്‍; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് ആരെ സംരക്ഷിക്കാനെന്ന ചോദ്യമുയർത്തി പാർട്ടിയിലെ ഒരു വിഭാഗം

 

പ്രതിപക്ഷം ഉയർത്തിയ ഗുരുതരമായ സ്പ്രിങ്ക്ളര്‍ ഡാറ്റാ കരാര്‍ വിവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എല്‍.ഡി.എഫ് സർക്കാര്‍. വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റമായതിനാല്‍ ഏവരും ആശങ്കയോടെയും  ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു വിഷയമായി  ഇത് മാറുകയും ചെയ്തു. മറ്റ് മാർഗങ്ങളില്ലാതെയായതോടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട സുരേന്ദ്രന്‍റെ നീക്കം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നാണ് ഉയരുന്ന ആരോപണം. കെ സുരേന്ദ്രന്‍റെ നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് ആരെ സംരക്ഷിക്കാനാണെന്ന് പാർട്ടിക്കുള്ളില്‍ ചോദ്യം ഉയരുന്നു.

വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്‍റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായാണ് സംസ്ഥാന സർക്കാർ കരാറില്‍ ഏർപ്പെട്ടിരിക്കുന്നത്. കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച ഡാറ്റാബേസ് സ്പ്രിങ്ക്ളർക്ക് കൈകാര്യം ചെയ്യാനുള്ള അവസരമാണ് കരാറിലൂടെ ഒരുക്കിയത്. സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ വ്യക്തിയുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടാവുന്നത്. മാത്രമല്ല, ഇതുസംബന്ധിച്ച കേസുകള്‍ ഉണ്ടായാല്‍ അമേരിക്കയിലാവും നടപടികള്‍ സ്വീകരിക്കേണ്ടിവരിക. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ വിഷയത്തില്‍ വിജിലന്‍സ് പോലെ സംസ്ഥാന ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടത് എന്നതാണ് സംശയാസ്പദമാകുന്നത്. സുരേന്ദ്രന്‍റെ നീക്കം ആത്മാർത്ഥതയോടെയാണെങ്കില്‍ എന്തുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

സ്പ്രിങ്ക്ളര്‍ കരാറില്‍ ആരോപണം നേരിടുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സലോജിക്കും സ്പ്രിങ്ക്ളറും തമ്മിലുള്ള ബന്ധം സംബന്ധിച്ചും തെളിവുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതാണ് സംശയാസ്പദമാകുന്നത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബാന്ധവം വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ നിരവധിയാണ്. ശബരിമലയിലെ നിലപാട് മുതല്‍ അടുത്തിടെ സുരേന്ദ്രന്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയില്‍ വരെ ഇത് പ്രതിഫലിക്കുന്നു. സുരേന്ദ്രനെ അനുകൂലിച്ചായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. സി.പി.എം-ബി.ജെ.പി അന്തർധാര സജീവമാണെന്നത് വ്യക്തമാക്കുന്ന മറ്റൊരു സംഭവമായി മാറുകയാണ് സ്പ്രിങ്ക്ളറില്‍ കെ സുരേന്ദ്രന്‍റെ നിലപാട്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം സുരേന്ദ്രന്‍റെ നീക്കത്തില്‍ അതൃപ്തരാണ്. ഇവര്‍ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Comments (0)
Add Comment