സ്വർണ്ണക്കടത്ത് : പഴയ കേസുകളടക്കം പൊടിതട്ടിയെടുക്കുന്നു ; ടിപി വധക്കേസ് പ്രതി കൊടി സുനിയിലേക്കും കേസ് നീളും ; അന്വേഷണത്തിന് പ്രത്യേക ദൗത്യ സംഘം

Jaihind Webdesk
Saturday, June 26, 2021

കോഴിക്കോട് : രാമനാട്ടുകരയിലെ അപകടത്തിന് പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പഴയ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തിന്‍റെ തീരുമാനം. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുള്‍പ്പെട്ട പഴയ കേസും ഇതിലുണ്ട്. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. കൊലപാതകങ്ങള്‍, ദുരൂഹമരണങ്ങള്‍, തട്ടികൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കേസുകളാണ് പൊടിതട്ടിയെടുക്കുന്നത്‌. പണമിടപാടുകളും കാണതായവരെ പറ്റിയും അന്വേഷിക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേ ദൗത്യ സംഘത്തിന്റെ യോഗത്തിലാണ് അന്വേഷണം നടത്താനുള്ള തീരുമാനമെടുത്തത്‌. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പോലീസ് ഓഫീസര്‍മാരും അന്വേഷണ സംഘത്തിന്റെ ഭാഗമാകും. തീവ്രവാദ വിരുദ്ധസേന തലവന്‍ അനൂപ് കുരുവിള ജോണും യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്വര്‍ണം വിറ്റു മടങ്ങി വന്ന സംഘത്തില്‍ നിന്ന് അഞ്ചു കോടി രൂപ തട്ടിയെടുത്ത 2016-ലെ കേസാണ് അന്വേഷണ പരിധിയില്‍ വരുന്ന ഒരു കേസ്. നാദാപുരത്തും വടകരയിലും അടുത്തിടെ ചില പ്രവാസികളെ തട്ടിക്കൊണ്ടു പോയ കേസുകളിലും വിശദമായ പരിശോധന നടത്തുന്നുണ്ട്.

രാമനാട്ടുകരയില്‍ അപകടത്തില്‍ മരിച്ച അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘത്തിലുള്ളവര്‍ മറ്റു ചില സുപ്രധാന കേസുകളിലേക്ക് വഴിതെളിച്ചതിന് പിന്നാലെയാണ് പഴയ കേസുകള്‍ പുനഃപരിശോധിക്കുന്നത്.