സോണിയ ഗാന്ധി റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു; ‘മോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കും’

Jaihind Webdesk
Thursday, April 11, 2019

റായ്ബറേലി: യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തിയാണ്് സോണിയ നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലും ഒപ്പമുണ്ടായിരുന്നു. 2004 ബിജെപി മറക്കരുതെന്ന് സോണിയാ ഗാന്ധി ഓര്‍മ്മിപ്പിച്ചു. അജയ്യനെന്ന് ബി.ജെ.പിക്കാര്‍ കരുതിയിരുന്ന വാജ്‌പേയിയെയാണ് അന്ന് കോണ്‍ഗ്രസ് തോല്‍പ്പിച്ചത്. അത് ഇത്തവണയും ആവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കും – സോണിയ ഗാന്ധി പറഞ്ഞു.

സോണിയാ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന റായ്ബറേലിയില്‍ മെയ് ആറിനാണ് വോട്ടെടുപ്പ്.

അമേഠിയിലെ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വദ്ര എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും രാഹുല്‍ മത്സരിക്കുന്ന അമേഠിയിലും ഇത്തവണ എസ്.പിബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് ഇത്തവണയും കാര്യമായ വെല്ലുവിളി പ്രതീക്ഷിക്കുന്നില്ലെങ്കിലും അമേഠിയില്‍ രാഹുലിനെതിരെ കടുത്ത പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.